വാരണാസി: തെരഞ്ഞെടുപ്പ് അടുത്തതോടെ പ്രചാരണത്തിന്റെ ഭാഗമായി നെട്ടോട്ടമോടുകയാണ് നേതാക്കന്മാര്. വേറിട്ട പ്രചാരണപരിപാടികള്‍ സംഘടിപ്പിച്ചും മറ്റും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ളില്‍ മത്സര പോരാട്ടം ശക്തമായിരിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി റാലികള്‍ സംഘടിപ്പിക്കേണ്ട തിരക്കിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും.
ഇന്ന് മൂന്ന് സംസ്ഥാനങ്ങളിലാണ് നരേന്ദ്ര മോഡി തെരഞ്ഞെടുപ്പു റാലികളെ അഭിസംബോധന ചെയ്യുന്നത്. ഒഡീഷ, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിലാണ് മോഡി പങ്കെടുക്കുന്ന പ്രചാരണ റാലികള്‍. ഇത്തവണ ഭരണം കൈപ്പിടിയില്‍ ഒതുക്കാനുള്ള തയ്യാറെടുപ്പിലാണ് മോഡിയും അമിത് ഷായും.
ഇന്ന് പശ്ചിമബംഗാളിലും ബിഹാറിലും നടക്കുന്ന പ്രചാരണ പരിപാടികളിലാണ് അമിത് ഷാ പങ്കെടുക്കുന്നത്. ഇന്നലെ അസമില്‍ നടന്ന പ്രചാരണ പരിപാടികളിലും അമിത് ഷാ സജീവ സാന്നിധ്യം അറിയിച്ചിരുന്നു. ഇന്നലെ മൂന്ന് സംസ്ഥാനങ്ങളില്‍ പ്രചാരണ റാലികള്‍ക്ക് നേതൃത്വം കൊടുത്ത ശേഷമാണ് പ്രധാനമന്ത്രി ഇന്നും പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമാവുന്നത്.