തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള ആദ്യ ദിനം സംസ്ഥാനത്ത് എട്ട് പേര് പത്രിക സമര്‍പ്പിച്ചു. തിരുവനന്തപുരം, ആറ്റിങ്ങല്‍, കൊല്ലം, ഇടുക്കി, ചാലക്കുടി, വയനാട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് പത്രിക സമര്‍പ്പിച്ചിട്ടുള്ളത്.
തിരുവനന്തപുരത്ത് രണ്ടെണ്ണവും ബാക്കി സ്ഥലങ്ങളില്‍ ഒന്ന് വീതവുമാണ് സമര്‍പ്പിച്ചിട്ടുള്ളത്. പത്രിക നല്കിയവരില് നാല് പേര് പുരുഷനും നാല് പേര് സ്ത്രീകളുമാണ്.
തിരുവനന്തപുരം മണ്ഡലത്തില്‍ എസ്യുസിഐ സ്ഥാനാര്‍ത്ഥി എസ്. മിനിയും ഡിഎച്ച്ആര്‍എം സ്ഥാനാര്‍ത്ഥി എ ഗോപകുമാറുമാണ് പത്രിക സമര്‍പ്പിച്ചത്. ഇടുക്കിയില്‍ സിപിഎം പിന്തുണയോടെ മത്സരിക്കുന്ന ജോയ്സ് ജോര്‍ജ്, ചാലക്കുടിയില്‍ ജോസ് തോമസ് (മാര്‍ക്സിറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (യുണൈറ്റഡ്), വയനാട്- മുജീബ് റഹ്മാന് (സ്വതന്ത്രന്) എന്നിവര്‍ പത്രിക സമര്‍പ്പിച്ചു.
കണ്ണൂരും കൊല്ലത്തും എസ്യുസിഐ സ്ഥാനാര്‍ഥികള്‍ ആദ്യ ദിനം പത്രിക നല്കി. സിന്റു പ്രഭാകരന്, ആര് അപര്‍ണ എന്നിവരാണ് എസ്യുസിഐയ്ക്കായി മത്സരിക്കുന്നത്. ആറ്റിങ്ങലില്‍ ഡിഎച്ച്ആര്‍എമ്മിന്റെ ഷൈലജ ടിയും പത്രിക സമര്‍പ്പിച്ചു.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഏപ്രില്‍ നാലാണ്. പത്രികകകളുടെ സൂക്ഷ്മ പരിശോധന ഏപ്രില്‍ അഞ്ചിനും, പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി ഏപ്രില്‍ എട്ടിനുമാണ്.
പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 11നും വൈകിട്ട് മൂന്നിനുമിടയിലാണ് പത്രികകള്‍ സ്വീകരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികകള്‍ വരണാധികാരിയായ ജില്ലാ കളക്ടര്‍ക്കാണ് സമര്‍പ്പിക്കേണ്ടത്.