തിരുവനന്തപുരം: വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റിലെ കൃത്രിമം തടയുന്നതിന്റെ ഭാഗമായി ഏപ്രില്‍ ഒന്നുമുതല്‍ പുതിയ വാഹനങ്ങള്‍ക്ക് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് നിര്‍ബന്ധമാക്കി. അതിസുരക്ഷാ നമ്പര്‍ പ്ലേറ്റില്ലാതെ നിരത്തിലിറങ്ങുന്ന പുതിയ വാഹനങ്ങള്‍ക്കെതിരെ ഏപ്രില്‍ ഒന്നുമുതല്‍ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിക്കും.
വാഹനത്തിന് രജിസ്ട്രേഷന് നമ്പര്‍ ലഭിച്ചതിന് ശേഷം അതിസുരക്ഷാ നമ്പര്‍ പ്ലേറ്റിനായി ഉടമ ഡീലറെ സമീപിക്കണം. അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് സൗജന്യമായി ഘടിപ്പിച്ചു നല്‍കേണ്ട ചുമതല വാഹന നിര്‍മ്മാതാക്കള്‍ക്കും ഡീലര്ഷിപ്പുകള്ക്കുമാണ്.
ഈ നമ്പര്‍ പ്ലേറ്റുകള്‍ ഒരിക്കല്‍ ഘടിപ്പിച്ചാല്‍ പിന്നീട് അഴിച്ചുമാറ്റാനാകില്ല. സ്ക്രൂവിന് പകരം റിവെറ്റ് ഉപയോഗിച്ചാണ് ഇത്തരം പ്ലേറ്റുകള്‍ വാഹനത്തില്‍ ഘടിപ്പിക്കുന്നത്. അലൂമിനിയം പ്ലേറ്റില്‍ ക്രോമിയം ഉപയോഗിച്ച് ഹോളോഗ്രാഫ് രീതിയിലാണ് നമ്പര്‍ പ്ലേറ്റില്‍ അക്കങ്ങള്‍ പതിക്കുന്നത്. നമ്പര്‍ പ്ലേറ്റുകള്‍ക്ക് ഏകീകൃത സ്വഭാവം കൊണ്ടുവരാന്‍ പുതിയ പരിഷ്കാരത്തിലൂടെ സാധിക്കുമെന്നാണ് കരതുന്നത്.