തിരുവനന്തപുരം: അനിയന്ത്രിതമായി സംസ്ഥാനത്ത് ചൂട് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കടുത്ത ചൂടില്‍ നിന്നും രക്ഷനേടാനായി എസിയും ഫാനുമൊക്കൊ ആശ്രയിക്കുകയാണ് ജനങ്ങള്‍. ഇതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം സര്‍വ്വകാല റെക്കൊര്ഡിലേക്കും എത്തിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം മാത്രം ഉപയോഗിച്ചത് 85.89 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. മാര്‍ച്ചില്‍ പ്രതിദിനം ശരാശരി 77.90 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗമാണ് കെഎസ്ഇബി പ്രതീക്ഷിച്ചത്. എന്നാല്‍ പ്രതീക്ഷകള്‍ക്കുമപ്പുറമായിരുന്നു കഴിഞ്ഞ 19 മുതല്‍ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം.
26.885 ദശലക്ഷം വൈദ്യുതിയാണ് സംസ്ഥാനത്ത് ഉല്പാദിപ്പിച്ചത്. കൂടാതെ 59.01 ദശലക്ഷം യൂണിറ്റ് വൈദ്യുതി പുറത്ത് നിന്ന് വാങ്ങേണ്ടിയും വന്നു. സംസ്ഥാനത്തെ അണക്കെട്ടുകളില്‍ 1819.841 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാനുളള ജലം മാത്രമാണ് ഇപ്പോള്‍ ശേഷിക്കുന്നത്.
വൈദ്യുതി ഉപയോഗം വര്‍ധിച്ചതോടെ കേരളത്തിലെ ഏറ്റവും വലിയ വൈദ്യുത പദ്ധതിയായ മൂലമറ്റം നിലയത്തിലെ പ്രതിദിന ഉല്പാദനവും ഉയര്‍ത്തി. ശരാശരി 8.85 ദശലക്ഷം യൂണിറ്റ് ഉല്പാദനം നടന്നിരുന്ന നിലയത്തില്‍ ഇന്നലെ 12.092 ദശലക്ഷം യൂണിറ്റാണ് ഉല്പാദിപ്പിച്ചത്. ഈ നിലയില്‍ ഉപഭോഗം ഉയര്‍ന്നാല്‍ വൈദ്യുതി ക്ഷാമം രൂക്ഷമാകുമെന്ന ആശങ്കയിലാണ് അധികൃതര്‍.