ചേലക്കര; ചികിത്സയ്ക്ക് പണമില്ലാത്തതിനാല്‍ അപൂര്‍വ രോഗം ബാധിച്ച് ചികിത്സ മുടങ്ങിയ പ്രീതിക്ക് സുമനസ്സുകളുടെ സഹായം. സോഷ്യല്‍ മീഡിയക്കൊപ്പം സുമനസ്സുകളും കൈകോര്‍ത്തതോടെ പത്ത് ദിവസം കൊണ്ട് 42 ലക്ഷം രൂപയാണ് പ്രീതിക്ക് വേണ്ടി സമാഹരിക്കാനായത്. ചികിത്സയ്ക്ക് ആവശ്യമായ തുക അക്കൗണ്ടില്‍ എത്തിയതോടെ പ്രീതിയുടെ അക്കൗണ്ട് ക്ലോസ് ചെയ്തു.
ശരീരത്തിലെ തൊലി അടര്‍ന്ന് പോകുന്ന അപൂര്‍വ്വ രോഗമാണ് പ്രീതിയെ ബാധിച്ചത്. ലക്ഷങ്ങളില്‍ ഒരാള്‍ക്ക് മാത്രമുണ്ടാകുന്ന അത്യപൂര്‍വരോഗമാണിത്. പ്രീതിയുടെ രോഗാവസ്ഥയെ കുറിച്ചുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ സഹായ ഹസ്തവുമായി നിരവധി പേരാണ് രംഗത്ത് എത്തിയത്. ചികിത്സാ സഹായം വാഗ്ദാനം ചെയ്ത് ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും പ്രീതിക്ക് ഫോണ്‍ സന്ദേശമെത്തി. അക്കൗണ്ടിലേക്ക് സഹായധനംകൂടി എത്തിയതോടെ ചികിത്സ തുടങ്ങാനൊരുങ്ങുകയാണ് പ്രീതി.
ചേലക്കര പഞ്ചായത്തിലെ പങ്ങാരപ്പിള്ളി പരേതനായ വേലായുധന്റെ മകളാണ് പ്രീതി. ജനിച്ചപ്പോള്‍ മുതല്‍ ഈ രോഗത്തിന്റെ പിടിയില്‍ അകപ്പെട്ട പ്രീതിക്ക് സാധാരണ നിലയിലുള്ള ജീവിതം നയിക്കാന്‍ കഴിഞ്ഞിരുന്നില്ല. പത്താംക്ലാസ് വരെ പഠിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പേ അച്ഛന് മരിച്ചു. അമ്മ കൂലിപ്പണിയെടുത്ത് ലഭിക്കുന്ന തുച്ഛമായ വരുമാനത്തിലാണ് ജീവിതം കഴിഞ്ഞിരുന്നത്.
കടുത്ത വേനലില്‍ ശരീരത്തിലെ തൊലി ഉരുകുന്ന വേദനയും കടിച്ചമര്‍ത്തിയാണ് പ്രീതി അലോപ്പതിയും ആയുര്‍വേദവും മാറി മാറി ചികിത്സ നടത്തുന്നത്. കായംകുളം മോഹനവൈദ്യരുടെ ചികിത്സയിലാണ് പ്രീതിയിപ്പോള്‍. ചൂട് സഹിക്കാന്‍ പറ്റാത്ത അവസ്ഥയിലെത്തുമ്പോള് കടംവാങ്ങിയും മറ്റും വൈദ്യരുടെ അടുത്തെത്തി ചികിത്സിക്കും. ശരീരത്തില്‍ ചൂട് കൊള്ളാതിരിക്കാന്‍ നോക്കണമെന്നാണ് വൈദ്യര് പറയുന്നത്.
ഓടിട്ട ചെറിയവീട്ടില്‍ ചൂട് കൊള്ളാതെ ഇരിക്കാന്‍ സാധിക്കുകയില്ല. ഇതോടെ തൊലി ഉരുകുന്ന വേദനയില്‍ നിന്നും രക്ഷനേടാനായി ഇടയ്ക്കിടെ കുളിക്കുന്നതും പ്രീതി പതിവാക്കി. ചികിത്സയിലൂടെ ചെറിയൊരു ആശ്വാസം ലഭിച്ച് തുടങ്ങിയതായി പ്രീതി പറയുന്നു. പക്ഷെ തുടര്‍ ചികിത്സയ്ക്ക് പണമില്ലാത്ത അവസ്ഥയിലായപ്പോള്‍ ആണ് പ്രീതിയുടെ കഥ പുറംലോകമറിയുന്നത്.
എന്നാല്പ്രീതിയുടെ അസുഖം ഭേദമാവുമെന്നുമാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്, അങ്ങനെയെങ്കില്‍ ചികിത്സ കഴിഞ്ഞ് ബാക്കിയുള്ള തുക സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുമെന്നും സഹായം അഭ്യര്‍ത്ഥിച്ചുള്ള മെസേജുകളോ വാര്‍ത്തകളെ ഇനി ഷെയര്‍ ചെയ്യരുതെന്നുമാണ് പ്രീതി ഇപ്പോള്‍ പറയുന്നത്.