കൊച്ചി: തെരഞ്ഞെടുപ്പുകാലമായതിനാല്‍ പ്രചാരണത്തിനായി പൊതുഇടങ്ങളിലെല്ലാം ഫ്ളക്സുകള്‍ സ്ഥാപിക്കുന്നത് പതിവാണ്. എന്നാല്‍ അനധികൃത ഫ്ളക്സ്ബോര്‍ഡുകള്‍ സ്ഥാപിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശം.
അനിയന്ത്രിതമായി പ്രചാരണത്തിനായി ഫ്ളക്സ്ബോര്‍ഡുകള്‍ ഉപയോഗിക്കുന്നതിനെതിരെയാണ് കോടതി ഇടപെടല്‍. ഒരുകാരണവശാലും പൊതുസ്ഥലങ്ങളില്‍ ഫ്ളക്സുകള്‍ സ്ഥാപിക്കരുതെന്നും കോടതി അറിയിച്ചു. നീക്കം ചെയ്യുന്ന ഫ്ളക്സ് ബോര്‍ഡുകള്‍ രാഷ്ട്രീയ പാര്‍ട്ടികളെ തന്നെ തിരിച്ചേല്‍പ്പിക്കണമെന്നും കൂട്ടിയിടാന്‍ പാടില്ലെന്നും കോടതി അറിയിച്ചു. ഇക്കാര്യങ്ങളില്‍ ജില്ലാ കളക്ടര്‍മാര്‍ നടപടി ഉറപ്പാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
ഇത്തരത്തിലുള്ള ഫ്ളക്സ് ബോര്‍ഡുകള്‍ പ്രകൃതിക്ക് ദോഷമല്ലാത്ത വിധത്തില്‍ വേണം നശിപ്പിച്ചുകളയാന്‍. ഫ്ളക്സുകള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ അതാത് സ്ഥലത്തെ പോലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്ന് സ്ഥാപിച്ചവരില്‍ നിന്ന് പിഴ ഈടാക്കുകയും വേണം. ഇത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നടപടി നേരിടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്കി.