തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശനെതിരെ വീണ്ടും തുറന്നടിച്ച് വിഎം സുധീരന്. വെള്ളാപ്പള്ളി പിന്തുണച്ച സ്ഥാനാര്‍ത്ഥികളെല്ലാം ആലപ്പുഴയില്‍ തോറ്റിട്ടേയുള്ളൂവെന്നും വെള്ളാപ്പള്ളി തനിക്കെതിരെ നടത്തുന്നത് അവസരവാദിയുടെ അധരവ്യായാമമെന്നും സുധീരന് ഫേസ്ബുക്കില്‍ കുറിച്ചു.
ഗുരു സന്ദേശങ്ങള്‍ക്ക് നേരെ വിപരീതമായി മാത്രം പ്രവര്‍ത്തിച്ചുവരുന്ന വെള്ളാപ്പള്ളി ശ്രീനാരായണ ധര്‍മ്മം പരിപാലിക്കുന്നതിനായി രൂപംകൊണ്ട മഹത്തായ എസ്എന്‍ഡിപി യോഗത്തിന്റെ അന്തകനാണെന്നും യോഗം ജനറല്‍ സെക്രട്ടറിപദം സ്വാര്‍ത്ഥ ലക്ഷ്യങ്ങള്‍ക്കും സ്വന്തം നേട്ടങ്ങള്‍ക്കും വേണ്ടിയുള്ള രാഷ്ട്രീയ കച്ചവടങ്ങള്‍ക്ക് വേണ്ടി ദുരുപയോഗപ്പെടുത്തുന്ന വെള്ളാപ്പള്ളി യഥാര്‍ഥത്തില്‍ ശ്രീനാരായണ ദര്‍ശനങ്ങളെ ചവിട്ടി മെതിക്കുകയാണെന്നും സുധീരന് വ്യക്തമാക്കി.
സംസ്ഥാനത്തെ കേസുകളില്‍ നിന്നും രക്ഷനേടാനായി സിപിഎം നേതൃത്വത്തിന് പാദസേവ ചെയ്യുകയും കേന്ദ്രസര്‍ക്കാരിന്റെ നടപടികളില്‍ നിന്ന് രക്ഷനേടാന്‍ മകനെ ബിജെപിക്ക് വിട്ടുകൊടുക്കുകയും ചെയ്ത വെള്ളാപ്പള്ളിയെപോലൊരു അവസരവാദിയെ കേരളം ഇന്നേവരെ കണ്ടിട്ടില്ലെന്നും സുധീരന് ആരോപിച്ചു.