തിരുവനന്തപുരം: സംസ്ഥാനത്ത് ദിനംപ്രതി വര്‍ധിച്ചു കൊണ്ടിരിക്കുന്ന കൊടുംചൂടിന് പിന്നില്‍ ഇക്വിനോക്സ് പ്രതിഭാസമാണെന്ന് നിഗമനം. അതിനാല്‍ വരുംദിവസങ്ങളിലും ചൂട് കൂടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കുന്നു. 11 ജില്ലകളില്‍ കടുത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ഭൂമധ്യരേഖയ്ക്കുനേരെ സൂര്യന് എത്തുമ്പോഴുണ്ടാകുന്ന അവസ്ഥയാണ് ഇക്വിനോക്സ്. ദക്ഷിണാര്‍ധ ഗോളത്തില്‍ നിന്ന് ഉത്തരാര്‍ധ ഗോളത്തിലേക്കുള്ള സൂര്യന്റെ പ്രയാണത്തിലാണ് സൂര്യന് ഭൂമധ്യരേഖയ്ക്ക് നേരെയെത്തുന്നത്. ഇതാണ് ഉത്തരദിക്കില്‍ ചൂട് വര്‍ധിക്കാന്‍ കാരണം.
മാര്‍ച്ച് 21ന് ഭൂമധ്യരേഖയ്ക്ക് മുകളില്‍ പ്രവേശിച്ചതിനാല്‍ വരും ദിവസങ്ങളില്‍ കേരളത്തിന് നേരെ മുകളില്‍ സൂര്യനെത്തും. അതിനാല്‍ ഇനിയുള്ള ദിവസങ്ങളില്‍ സംസ്ഥാനത്ത് കടുത്ത ചൂട് അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്കുന്ന മുന്നറിയിപ്പ്.
കൂടാതെ കേരളത്തില്‍ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്നും വിദഗ്ധര്‍ പറയുന്നു. രണ്ടിലധികം പ്രദേശങ്ങളില്‍ 40 ഡിഗ്രിയിലേറെ താപനില റിപ്പോര്‍ട്ട് ചെയ്യുകയും അത് രണ്ടിലേറെ ദിവസം തുടരുകയും ചെയ്യുന്ന പ്രതിഭാസമാണ് ഉഷ്ണതരംഗം. കാലാവസ്ഥയിലെ ഈ മാറ്റം കേരളത്തെ കൊടുംവരള്‍ച്ചയിലേക്ക് നയിക്കാന്‍ സാധ്യതയുണ്ടെന്നും വിലയിരുത്തുന്നു.
സംസ്ഥാനത്ത് പലയിടങ്ങളിലും താപനില 40 ഡിഗ്രി സെല്‍ഷ്യസിലെത്തുമെന്നാണ് വിലയിരുത്തല്‍. 25, 26 തീയതികളില്‍ കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ മൂന്നുമുതല്‍ നാലുവരെ ഡിഗ്രി സെല്‍ഷ്യസ് താപനില ഉയരും. കൂടാതെ തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം, പാലക്കാട്, കണ്ണൂര്‍, കോഴിക്കോട് എന്നീ ജില്ലകളില്‍ രണ്ടുമുതല്‍ മൂന്നുവരെ ഡിഗ്രി താപനില കൂടാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.