തിരുവനന്തപുരം: ക്യാന്‍സര്‍ ചികിത്സാരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്ന കണ്ടെത്തലുമായി ശ്രീചിത്ര തിരുന്നാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജിയിലെ ഡോക്ടര്‍മാര്‍.
ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാന്‍ ഞരമ്പുകളിലൂടെ കുത്തിവെക്കാവുന്ന മരുന്ന്, എലികളില്‍ പരീക്ഷിച്ച് വിജയിച്ച് ക്ലിനിക്കല്‍ പരീക്ഷണത്തിനായി കൈമാറിയിരിക്കുകയാണ്.
സാധാരണയായി നാട്ടില്‍ കണ്ടുവരുന്ന ഒരു ചെടിയില്‍ നിന്നുള്ള ഏക തന്മാത്രാ രാസ പദാര്‍ഥമുപയോഗിച്ചാണ് മരുന്ന് വികസിപ്പിച്ചെടുത്തത്. കൂടുതല്‍ പരീക്ഷണങ്ങള്‍ക്കും മറ്റുമായി ഒരു സ്വകാര്യ കമ്പനിക്ക് ഇതിന്റെ സാങ്കേതികത കൈമാറി. മനുഷ്യരില്‍ ഈ മരുന്നിന്റെ ഫലം വിലയിരുത്തിയ ശേഷമാകും വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിക്കുക. ചെലവ് കൂടുതലായതിനാലാണ് മറ്റൊരു കമ്പനിക്ക് ഗവേഷണഫലം കൈമാറിയത്. ചെടിയെക്കുറിച്ചുള്ളതുള്‍പ്പെടെ വിശദാംശങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്തില്ല.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ പഠനത്തിന്റെ ഭാഗമായാണ് ഡോക്ടര്‍ ലിസി കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം മരുന്ന് വികസിപ്പിച്ചെടുത്തത്. എലികളില്‍ ഒറ്റ ഡോസ് ഉപയോഗിച്ച് പരീക്ഷിച്ച ഈ മരുന്ന് വന്‍ വിജയകരമായിരുന്നു. ഒന്നിലധികം ഡോസ് ഉപയോഗിച്ചാല്‍ മൃഗങ്ങളെ എങ്ങനെ ബാധിക്കുമെന്ന പരീക്ഷണങ്ങള്‍ക്ക് ശേഷമാകും മനുഷ്യരില്‍ ചികിത്സാ പരീക്ഷണങ്ങള്‍ നടക്കുക. അതിന് ശേഷം മനുഷ്യനില്‍ എത്ര ഡോസ് ഉപയോഗിക്കണമെന്ന് കണ്ടെത്തണം.
ക്യാന്‍സര്‍ രോഗബാധിതരായ മനുഷ്യരില്‍ ഈ മരുന്ന് ഉപയോഗിക്കുന്നതിനുമുമ്പ് വിവിധഘട്ടങ്ങളില്‍ പരീക്ഷണങ്ങള്‍ നടക്കണം. ഒന്നാം ഘട്ടത്തില്‍ സന്നദ്ധപ്രവര്‍ത്തകരില്‍ പരീക്ഷിക്കും. രണ്ടാംഘട്ടത്തില്‍ ഒരു വിഭാഗം അര്‍ബുദ രോഗികളില്‍ മറ്റു മരുന്നുകള്‍ക്കൊപ്പംതന്നെ പരീക്ഷിക്കും.
എലികളില്‍ ശ്വാസകോശാര്‍ബുദത്തിനും വയറിനകത്തെ മുഴയ്ക്കും ഈ മരുന്ന് വിജയകരമായി ഉപയോഗിക്കാനായി. ഏതൊക്കെ തരം ക്യാന്‍സറിന് ഇത് ഉപോയോഗിക്കാനാകുമെന്നത് വിശദമായ പരീക്ഷണങ്ങള്‍ക്ക് ശേഷമേ പറയാനാകൂവെന്ന് ഡോ. ലിസി കൃഷ്ണന് പറഞ്ഞു.
ലോകത്ത് വിവിധരാജ്യങ്ങളിലെ ഗവേഷണകേന്ദ്രങ്ങളില്‍ ചെടികളില്‍നിന്ന് വേര്‍തിരിച്ചെടുക്കുന്ന ഘടകങ്ങള്‍ ഉപയോഗിച്ച് ക്യാന്‍സറിനെതിരെ മരുന്ന് കണ്ടെത്തുന്നുണ്ടെങ്കിലും അവ വെള്ളവുമായി കലരാത്തതിനാല്‍ രോഗികള്‍ക്ക് പ്രയോജനം ചെയ്യുന്നില്ല.
എന്നാല്‍, ശ്രീചിത്രയിലെ ഗവേഷകര്‍ മരുന്ന് ആല്‍ബുമിനുമായി(ഒരു തരം പ്രോട്ടീന്‍) കൂട്ടിയിണക്കി കാന്‍സര്‍കോശങ്ങളിലേക്കെത്തിച്ചാണ് പരീക്ഷണം നടത്തിയത്.