കണ്ണൂര്‍: കേരളം ചുട്ടുപൊള്ളുന്നു. സംസ്ഥാനത്ത് താപനില ഉയരുന്നതിനിടെ രണ്ടുപേര്‍ മരിച്ചത് സൂര്യാഘാതമൂലമെന്ന് സംശയം. കണ്ണൂര്‍ വെള്ളോറയിലും തിരുവനന്തപുരം പാറശാലയിലുമാണ് മധ്യവയസ്കര്‍ കുഴഞ്ഞ് വീണുമരിച്ചത്.
കണ്ണൂര്‍ മരിച്ച പെരിങ്ങോം സ്വദേശി നാരായണന്റെ മൃതദേഹത്തില്‍ പൊള്ളലേറ്റ പാടുകള്‍ കണ്ടതാണ് മരണകാരണം സൂര്യാഘാതമാണെന്ന സംശയം ഉയരാന്‍ കാരണം. കാല്‍മുട്ടുകള്‍ക്ക് താഴെയായി പൊള്ളലേറ്റതിനാല്‍ സൂര്യാഘാതമാണെന്നാണ് പോലീസും സംശയിക്കുന്നത്. അതേസമയം, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാകുവെന്ന് പോലീസ് അറിയിച്ചു.
തിരുവനന്തപുരം പാറശാലയില്‍ അയിര സ്വദേശി കരുണാകരനാണ് ഞായറാഴ്ച വയലില്‍ കുഴഞ്ഞുവീണ് മരിച്ചത്. ഇയാളുടെ കഴുത്തിലും മറ്റുഭാഗങ്ങളിലും പൊള്ളലേറ്റ പാടുകളുണ്ട്. ഇതാണ് സൂര്യഘാതമാണെന്ന് സംശയിക്കാന്‍ കാരണം.
അതേസമയം, കാസര്‍കോട് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന മൂന്നു വയസുകാരിക്ക് സൂര്യാഘാതമേറ്റു. കുമ്പള ബദിയടുക്ക റോഡിലെ പെട്രോള്‍ പമ്പിനു സമീപത്ത് താമസിക്കുന്ന അബ്ദുല്‍ ബഷീറിന്റെ മകള്‍ മര്‍വക്കാണ് സൂര്യതാപമേറ്റത്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് മറ്റു കുട്ടികള്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ കൈക്ക് പൊള്ളലേല്‍ക്കുകയായിരുന്നു.