തിരുവനന്തപുരം: ഏപ്രില്‍ 23ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാത്തവര്‍ക്ക് ഇന്നുകൂടി അവസരം. ഓണ്‍ലൈന്‍ വഴി മാത്രമേ ഇനി പേരു ചേര്‍ക്കാനാകൂ. തിരഞ്ഞെടുപ്പു കമ്മിഷന്റെ വെബ്സൈറ്റായ http://www.ceo.kerala.gov.in/onlineregistration.html ലും www.nvsp.in ലും ഇതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.
2019 ജനുവരി ഒന്നിനോ അതിനു മുന്‍പോ 18 വയസ് പൂര്‍ത്തിയായവര്‍ക്കും വോട്ടര്‍പ്പട്ടികയില്‍ ഇതുവരെ പേരു ചേര്‍ത്തിട്ടില്ലാത്തവര്‍ക്കും പുതുതായി പേരു ചേര്‍ക്കാന്‍ അവസരമുണ്ട്. കൂടാതെ ഒരു നിയോജക മണ്ഡലത്തില്‍ നിന്നു മറ്റൊരു നിയോജകമണ്ഡലത്തിലേക്കു മാറ്റുന്നതിനും തിരുത്തലിനും ഉള്ള സൗകര്യങ്ങളും വെബ്സൈറ്റിലുണ്ട്.
ആവശ്യമായ രേഖകള്‍
പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും വയസ്, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന രേഖയും സമര്‍പ്പിക്കണം. വോട്ടറുടെ ബൂത്ത് ക്രമപ്പെടുത്താന്‍ കുടുംബാംഗങ്ങളുടെയോ അയല്‍വാസിയുടെയോ ഇലക്ഷന് ഐഡി കാര്‍ഡ് നമ്പര്‍ നല്‍കണം. പാസ്പോര്‍ട്ട് വിവരം ഉള്‍പ്പെടുത്തി വിദേശത്തുള്ളവര്‍ക്കും പട്ടികയില്‍ പേരു ചേര്‍ക്കാം. എന്നാല്‍ തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കില്ല.