പാലക്കാട്: പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് ഫാക്ടറി മലിനീകരണ പ്രശ്നത്തില്‍ പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച് ലോക്സഭ തെരഞ്ഞെടുപ്പില്‍ നിഷേധവോട്ട് ചെയ്യാനൊരുങ്ങി കഞ്ചിക്കോട്ടെ കോളനി നിവാസികള്‍. പുതുശ്ശേരിയിലെ പ്രീകോട്ട് മില്‍ കോളനിയിലെ ഏഴ് റസിഡന്‍ഷ്യല്‍ കോളനി നിവാസികളാണ് നിഷേധ വോട്ടിലൂടെ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങുന്നത്.
വ്യവസായ മേഖലയായ കഞ്ചിക്കോട്ടെ ഇരുമ്പുരുക്ക് ഫാക്ടറികള്‍ക്കെതിരെ പരിസരവാസികള്‍ പ്രതിഷേധം തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. അന്തരീക്ഷ മലിനീകരണം മൂലം ശ്വാസകോശ രോഗങ്ങള്‍ മുതല്‍ അര്‍ബുദ രോഗം വരെ പിടിപെടുമെന്നാണ് ഇവിടുത്തെ ജനങ്ങളുടെ പരാതി.
മലിനീകരണ നിയന്ത്രണ ചട്ടങ്ങളലെല്ലാം ലംഘിച്ചാണ് ഫാക്ടറികളുടെ പ്രവര്‍ത്തനമെന്നും ജനങ്ങള്‍ ആരോപിക്കുന്നു. അധികൃതരോടും ജനപ്രതിനിധികളോടും പരാതി പറഞ്ഞിട്ടും കാര്യമില്ലാത്തതിനാലാണ് ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇവര്‍ നിഷേധവോട്ടിന് ഒരുങ്ങുന്നത്.
മൂന്നു വാര്‍ഡുകളിലായി പതിനായിരത്തോളം പേര് തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്തിന് നടുക്കാണ് ഇരുമ്പുരുക്ക് ഫാക്ടറികള്‍ സ്ഥിതി ചെയ്യുന്നത്. വോട്ടുചോദിച്ച് സ്ഥാനാര്‍ത്ഥികളെത്തുമ്പോള്‍ പ്രതിഷേധം കടുപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം.