തിരുവനന്തപുരം: തലസ്ഥാനത്ത് സുരക്ഷാ ആശങ്കയ്ക്ക് വഴിവെച്ച അജ്ഞാത ഡ്രോണ്‍ കണ്ടെത്താനായില്ല. ഇതേ തുടര്‍ന്ന് പോലീസും സൈനീക വിഭാഗങ്ങളും, വിമാനത്താവള അധികൃതരും പ്രഖ്യാപിച്ചിരുന്ന അതീവ ജാഗ്രതാ നിര്‍ദേശം പിന്‍വലിച്ചു. അഡിഷണല്‍ ഡിജിപി മനോജ് എബ്രഹാമാണ് ഇക്കാര്യം അറിയിച്ചത്. കോവളം ബീച്ച് മുതല്‍ വിഎസ്എസ് സി ഉള്‍പ്പെടുന്ന തുമ്പ വരെയാണ് അജ്ഞാത ഡ്രോണ്‍ പറന്നത്.
രണ്ട് മണിക്കൂറിലധികം സമയം പറന്ന ഡ്രോണ്‍ കണ്ടെത്തണം എന്ന് ഐഎസ്ആര്‍ഒയോട് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. വള്ളിക്കടവ് പ്രദേശത്തെ ഗള്‍ഫില്‍ നിന്നും വന്ന രണ്ട് പ്രവാസികള്‍ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ചെറുവിമാനം ഗള്‍ഫില്‍ നിന്നും കൊണ്ടുവന്നിരുന്നതായും, കുട്ടികള്‍ ഇത് പറത്തി കളിക്കുന്നത് കണ്ടതായും പ്രദേശവാസികള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.
ഇത്തരത്തിലുള്ള ചെറു ഡ്രോണുകളില്‍ ക്യാമറ ഉണ്ടാകുവാന്‍ സാധ്യതയില്ലെന്നും, ബാറ്ററി ചാര്‍ജ് തീര്‍ന്നപ്പോള്‍ തുമ്പ ഭാഗത്ത് നിലംപതിച്ചിട്ടുണ്ടാകാം എന്നും പോലീസ് വിലയിരുത്തുന്നു. എന്നാല്‍ സിനിമാ സംഘം ഉപയോഗിക്കുന്ന ഡ്രോണ്‍ ആണോ ഇതെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. ഇതേ തുടര്‍ന്ന് പ്രൊഫഷണല്‍ വീഡിയോഗ്രാഫര്‍മാരേയും, സ്റ്റുഡിയോക്കാരേയും പോലീസ് ചോദ്യം ചെയ്തു.
ഐഎസ്ആര്‍ഒയുടെ റഡാറില്‍ ഈ ഡ്രോണിന്റെ വിവരങ്ങള്‍ ഒന്നും പതിഞ്ഞിട്ടില്ല. വിഎസ്എസ് എസിയുടെ പ്രധാന മേഖലകളിലെല്ലാം മുഴുവന്‍ സമയ ക്യാമറ നിരീക്ഷണത്തിലാണ്. ഈ ക്യാമറകളില്‍ ഡ്രോണ്‍ പതിഞ്ഞിട്ടില്ല. അതിനാല്‍ സുരക്ഷ വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് പോലീസിന്റെ നിഗമനം.