കൊച്ചി: വരും ദിവസങ്ങളില്‍ കേരളത്തില്‍ താപനില കുതിച്ചുയരുമെന്ന് കാലാവസ്ഥാവകുപ്പ്. ഇരുപത്തിയഞ്ച്, ഇരുപത്തിയാറ് തീയതികളില്‍ കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ മൂന്നുമുതല്‍ നാലുവരെ ഡിഗ്രി സെല്‍ഷ്യസ് താപനില വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്കുന്നു.
തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം, പാലക്കാട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ രണ്ടുമുതല്‍ മൂന്നുവരെ ഡിഗ്രി താപനില കൂടാനും സാധ്യതയുണ്ട്. മാര്‍ച്ച് 21-ന് സൂര്യന് ഭൂമധ്യരേഖയ്ക്ക് മുകളില്‍ പ്രവേശിച്ചുകഴിഞ്ഞുവെന്നും വിഷുവോടെ ഇത് കേരളത്തിന്റെ നേരെ മുകളിലെത്തുമെന്നതിനാല് വരുംദിവസങ്ങളില്‍ ഉയര്‍ന്ന താപനില അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.
താപനില കുതിച്ചുയരുന്നതിനാല്‍ എല്‍നിനോ പ്രതിഭാസത്തിനുള്ള സാധ്യത 70 ശതമാനമായി ഉയര്‍ന്നു. ഇത് കേരളത്തെ വന്‍ വരള്‍ച്ചയിലേക്കാണ് കൊണ്ടുപോകുന്നത്. എന്നാല്‍ ന്യൂനമര്‍ദം രൂപപ്പെട്ടാല്‍
കേരളത്തില്‍ ആവശ്യത്തിനുള്ള മഴ കിട്ടും. ഭൂമധ്യരേഖയ്ക്ക് സമാന്തരമായുള്ള മേഘപടലങ്ങള്‍ രൂപപ്പെട്ട് ഇവ വടക്ക് കിഴക്കോട്ട് നീങ്ങിയാല്‍ (മാഡന്‍ ജൂലിയന്‍ ഓസിലേഷന്‍) കേരളത്തിന്റെ തെക്കന്‍ പ്രദേശത്ത് വേനല്‍മഴ ലഭിക്കും.
തിരുവനന്തപുരം 36.2, പുനലൂര്‍ 37.5, ആലപ്പുഴ 36.6,,കോട്ടയം 36.7, കൊച്ചി 34.2, വെള്ളാനിക്കര 37.7, പാലക്കാട് 39.0, കോഴിക്കോട് 35.5, കണ്ണൂര്‍ 35.4 ഡിഗ്രി സെല്‍ഷ്യസ് എന്നിങ്ങനെയാണ് കഴിഞ്ഞ ദിവസത്തെ താപനില.