കൊല്ലം: ഓച്ചിറയില്‍ പതിമൂന്നു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അന്വേഷണം മഹാരാഷ്ട്രയിലേക്കും. പെണ്‍കുട്ടിയെ ബംഗളൂരുവിലും രാജസ്ഥാനിലും കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് പോലീസ് അന്വേഷണം മഹാരാഷ്ട്രയിലേക്ക് വ്യാപിപ്പിക്കുന്നത്.
അതേസമയം, പെണ്‍കുട്ടിയെ കാണാതിയിട്ട് അഞ്ച് ദിവസം പിന്നിടുകയാണ്. പ്രതിയും പെണ്‍കുട്ടിയും എവിടെയാണെന്നത് സംബന്ധിച്ച് പോലീസിന് കൃത്യമായ വിവരം ലഭിച്ചിട്ടില്ല.
വഴിയോര കച്ചവടക്കാരായ മാതാപിതാക്കളെ മര്‍ദിച്ച് ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് രാജസ്ഥാന് സ്വദേശിനിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പ്രദേശത്തെ സിപിഐഎം നേതാവിന്റെ മകനായ മുഹമ്മദ് റോഷനാണ് കേസിലെ പ്രധാന പ്രതി. പെണ്‍കുട്ടിയുമായി ഇയാള്‍ ബംഗളൂരുവിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് അവിടെ എത്തി അന്വേഷണം നടത്തിയിരുന്നു.
രണ്ട് വനിത പോലീസ് ഉള്‍പ്പെടെ എഎസ്ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആദ്യം ബംഗളൂരുവില്‍ എത്തിയത്. സംഘം രണ്ട് വിഭാഗമായി തിരിഞ്ഞ് ബംഗളൂരുവില്‍ അന്വേഷണം നടത്തിയിട്ടും പ്രതിയെക്കുറിച്ചോ പെണ്‍കുട്ടിയെക്കുറിച്ചോ യാതൊരു വിവരവും ലഭിച്ചില്ല.
ബംഗളൂരു പോലീസിന്റെ സഹായവും കേരള പോലീസ് തേടിയിരുന്നു. തുടര്‍ന്ന് മറ്റൊരു സംഘം രാജസ്ഥാനില്‍ എത്തി അന്വേഷണം നടത്തിയെങ്കിലും പ്രയോജനപ്പെട്ടില്ല. ഈ പശ്ചാത്തലത്തിലാണ് മഹാരാഷ്ട്രയില്‍ അന്വേഷണം നടത്താന്‍ പോലീസ് തീരുമാനിച്ചിരിക്കുന്നത്. പ്രതിക്ക് തൃശ്ശൂര്‍ ഉള്‍പ്പെടെ വടക്കന്‍ ജില്ലകളില്‍ ബന്ധങ്ങളുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
അതേസമയം, മുഹമ്മദ് റോഷനെതിരെ പോലീസ് ഇന്നലെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.