കൊച്ചി: സൗദിയില്‍ അന്തരിച്ച പത്തനംതിട്ട സ്വദേശിയുടെ മൃതദേഹം ഇന്ന് തിരികെ നാട്ടിലെത്തിക്കും. കാര്‍ഗോ ജീവനക്കാരുടെ അശ്രദ്ധയെ തുടര്‍ന്ന് മാറി ശ്രീലങ്കയില്‍ എത്തിച്ച പത്തനംതിട്ട സ്വദേശി റഫീക്ക് അബ്ദുള്‍ റസാഖിന്റെ മൃതദേഹമാണ് ഇന്ന് നാട്ടിലെത്തിക്കുക.
കോന്നി കുമ്മണ്ണൂര്‍ സ്വദേശി ഈട്ടിവീട്ടില്‍ റഫീഖിന്റെ മൃതദേഹമാണ് പെട്ടി മാറി സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ ശ്രീലങ്കയിലെത്തിച്ചത്. പകരം പത്തനംതിട്ടയിലെത്തിച്ചത് ശ്രീലങ്കന്‍ സ്വദേശിനിയുടെ മൃതദേഹം ആയിരുന്നു.
സംസ്കാരച്ചടങ്ങിന് മുമ്പ് പെട്ടി തുറന്നപ്പോഴാണ് ഉള്ളില്‍ സ്ത്രീയുടെ മൃതദേഹം കണ്ടത്. തുടര്‍ന്ന് ബന്ധുക്കള്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ഇന്ന് രാവിലെ 10 മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് റഫീഖിന്റെ മൃതദേഹം എത്തിക്കുക. സൗദി അറേബ്യയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് ഫെബ്രുവരി 27 നാണ് റഫീഖ് അന്തരിച്ചത്. പത്തനംതിട്ടയില്‍ എത്തിച്ച ശ്രീലങ്കന്‍ സ്വദേശിനിയുടെ മൃതദേഹം തിരിച്ചയക്കുമെന്ന് അധികൃതര്‍ അറിയിച്ചു.