ആലപ്പുഴ: ജില്ലയിലെ ഹരിത സ്വീപ്പ് ഐക്കോണ്‍ ആയി രാഷ്ട്രപതിയില്‍ നിന്ന് നാരിശക്തി പുരസ്കാരം നേടിയ ദേവകിയമ്മ. പൊതുതെരഞ്ഞെടുപ്പ് പ്രകൃതി സൗഹാര്‍ദപരമായി മാറ്റുന്നതിന് ശുചിത്വ മിഷന് കളക്ട്രേറ്റ്
പരിസരത്ത് തയ്യാറാക്കിയ പ്രകൃതി സൗഹൃദ ബൂത്ത് ഉദ്ഘടനം ദേവകിയമ്മ വെള്ളിയാഴ്ച നിര്‍വഹിക്കുന്ന അവസരത്തിലാണ് ജില്ലാ കളക്ടര്‍ എസ് സുഹാസ് ദേവകിയമ്മയെ ഹരിത സ്വീപ്പ് ഐക്കോണ്‍ ആയി പ്രഖ്യാപിച്ചത്. വോട്ട് എന്റെ ജന്മാവകാശമാണെന്നും ആ അവകാശം വിനിയോഗിക്കുന്നതില്‍ ഒരിക്കല്‍ പോലും വീഴ്ച വരുത്തിയിട്ടില്ലെന്നും ദേവകിയമ്മ പറഞ്ഞു. വോട്ടു ചെയ്ത് വീട്ടില്‍ എത്തിയ ശേഷം ഒരു മരം നട്ട് നാളെ മക്കള്‍ക്കും കൊച്ചുമക്കള്‍ക്കും മാതൃകയാകണമെന്നും ദേവകിയമ്മ കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷം കന്നിവോട്ട് ചെയ്യാന്‍ തയ്യാറെടുക്കുന്ന കൊച്ചുമകള്‍ ശരണ്യയെയും കൂട്ടിയാണ് ദേവകിയമ്മ പ്രകൃതി സൗഹൃദ ബൂത്ത് ഉദ്ഘടനം ചെയ്യാന്‍ എത്തിയത്.
കാടില്ലാത്ത ആലപ്പുഴ ജില്ലയില്‍ ഒരു കാട് ഒരുക്കി 85കാരിയായ ദേവകിയമ്മ ശ്രദ്ധനേടിയിരുന്നു. അമ്മ നട്ടു വളര്‍ത്തിയ മുതുകുളം കൊല്ലകല്‍ തറവാട്ടിലെ നാലരയേക്കര്‍ വിസ്തൃതിയുള്ള കാട് അറിയപ്പെടുന്നത് തപോവനമെന്നാണ്. വരുംതലമുറയെ വരള്‍ച്ചയുള്‍പ്പെടെയുള്ള ദുരന്തങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ സ്വന്തമായി വനം ഒരുക്കി ഈ മുത്തശ്ശി നാടിന്റെ കാവലാളാവുകയാണ്. 800ല്‍ പരം ഇനങ്ങളില്‍പ്പെട്ട വൃക്ഷങ്ങളാണ് ദേവകിയമ്മയുടെ വനത്തിലുള്ളത്. അപൂര്‍വ്വങ്ങളായ പല വൃക്ഷങ്ങളും ദേവകിയമ്മയുടെ തപോവനത്തിലുണ്ട്.
മുതുകുളത്തെ കൊല്ലകല്‍ തറവാട്ടില്‍ പണ്ട് ഇരുന്നൂറുപറ നിലം ഉണ്ടായിരുന്നു. അന്ന് വൈക്കോല്‍ ഉണക്കാന്‍ ഉപയോഗിച്ചിരുന്ന പറമ്പാണ് ദേവകിയമ്മ വനമാക്കി മാറ്റിയത്. 1980ല്‍ കാര്‍ അപകടത്തെ തുടര്‍ന്ന് വലതുകാലിന്റെ ശേഷി നഷ്ടപ്പെട്ട ദേവകിയമ്മ വീടിനും പരിസരത്തുമായി ഒതുങ്ങിയ അവസരത്തിലാണ് വൃക്ഷത്തെകളും ഔഷധച്ചെടികളും നട്ടുപിടിപ്പിക്കാനും പരിപാലിക്കാനും തുടങ്ങിയത്.
കായല്‍ത്തീരത്തെ ചൊരി മണലില്‍ വനം തീര്‍ത്തപ്പോള്‍ ദേവകിയമ്മയെത്തേടി നിരവധി പുരസ്ക്കാരങ്ങളുമെത്തി. കേന്ദ്ര സര്‍ക്കാരിന്റെ വൃക്ഷമിത്ര, സംസ്ഥാനസര്‍ക്കാരിന്റെ വനമിത്ര, ഹരിതവ്യക്തി അവാര്‍ഡ്, പ്രകൃതിമിത്ര അവാര്‍ഡ്, ഭൂമിമിത്ര അവാര്‍ഡ് എന്നീ പുരസ്ക്കാരങ്ങള്‍ ദേവകിയമ്മയ്ക്ക് ലഭിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രകൃതി സൗഹൃദമാക്കുന്നതിനും കൂടുതല്‍പേരെ വോട്ട് ചെയ്യുന്നതിന് പ്രേരിപ്പിക്കുന്നതിനും ദേവകിയമ്മയെപ്പോലുള്ളവര്ക്ക് കഴിയുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.