കേരളത്തില്‍ ദിനംപ്രതി ചൂട് കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന ഒരു വാര്‍ത്തയാണ് അന്തരീക്ഷ താപനില കൂടുമ്പോള്‍ എല്‍പിജി സിലിണ്ടറില്‍ മര്‍ദ്ദം കൂടുകയും പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ടെന്നും.
വാട്സ്ആപ്പിലൂടെ പ്രചരിക്കുന്ന വാര്‍ത്ത ഇങ്ങനെ ‘താപനില വളരെ കൂടിയ ഇപ്പോഴത്തെ സാഹചര്യത്തില്‍ വലിയൊരപകടം നിങ്ങളുടെ വീടുകളില്‍ മറഞ്ഞിരിക്കുന്നുണ്ട്. അന്തരീക്ഷ താപനില ക്രമാതീതമായ തോതില്‍ കൂടുമ്പോള്‍ പാചകത്തിന് ഉപയോഗിക്കുന്ന എല്‍പിജി സിലിണ്ടറില്‍ മര്‍ദ്ദം കൂടുകയും ഒരു ബോംബ് ആയി പൊട്ടിത്തെറിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്”
എന്നാല്‍ ഈ വാര്‍ത്തയ്ക്ക് പിന്നിലെ സത്യവസ്ഥ എന്തെന്ന് വ്യക്തമാക്കുകയാണ് മലയാളിയും ഐക്യരാഷ്ട്ര സഭയിലെ ദുരന്തനിവാരണ വിഭാഗം ഉദ്യോഗസ്ഥനുമായ മുരളി തുമ്മാരുകുടി.
ഇത്തരം പ്രചരണങ്ങള്‍ സത്യമല്ലെന്നാണ് അദ്ദേഹം പറയുന്നത്. ഗ്യാസ് സിലിണ്ടര്‍ ഡിസൈന്‍ ചെയ്യുന്നത് ഇന്ത്യയിലെ ഏറ്റവും തണുപ്പുള്ള, പൂജ്യം ഡിഗ്രിക്ക് താഴെയുള്ള, സ്ഥലങ്ങളിലും, ഏറ്റവും ചൂടുള്ള, അതായത് ഓരോ വേനലിലും ആഴ്ചകളോളം നാല്പത് ഡിഗ്രിക്ക് മുകളില്‍ ചൂട് പോകുന്നതുമായ കാലാവസ്ഥയെ മനസിലാക്കിയിട്ടാണ്. അപ്പോള്‍ കേരളത്തില്‍ താപനില മുപ്പതുള്ളിടത്ത് മുപ്പത്തഞ്ചോ നാല്പതോ ആയാലൊന്നും സിലിണ്ടര്‍ പൊട്ടിത്തെറിക്കാന്‍ ഒരു സാധ്യതയുമില്ലെന്നും തുമ്മാരുകുടി തന്റെ ഫേസ്ബുക്ക് പേജില്കുറിക്കുന്നു.