കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശബരിമല മുഖ്യപ്രചാരണ വിഷയമാക്കണമെന്ന് ആര്‍എസ്എസ് തീരുമാനം. കൊച്ചിയില്‍ നടന്ന ആര്‍എസ്എസ് സമന്വയ ബൈഠക്കിലാണ് തീരുമാനമായത്. സീറ്റ് ലഭിക്കാത്തതില്‍ എതിര്‍പ്പുണ്ടായിരുന്നെങ്കിലും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന് പിള്ള ബൈഠക്കില്‍ പങ്കെടുക്കാന്‍ എത്തി.
പത്തനംതിട്ട ലഭിക്കാത്തതിന്റെ അതൃപ്തി ദേശീയ നേതൃത്വത്തെ ശ്രീധരന് പിള്ള അറിയിച്ചതായാണ് വിവരം.
പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയാകാനുള്ള ശ്രീധരന് പിള്ളയുടെ ആഗ്രഹം ആര്‍എസ്എസ് ആണ് തകര്‍ത്തത്. പത്തനംതിട്ടയില്‍ മത്സരിക്കാനുള്ള നേതാക്കളുടെ അടിപിടിയില്‍ അവസാന നിമിഷം ശ്രീധരന് പിള്ളയുടെ പേര് വെട്ടി, കെ സുരേന്ദ്രനെ ആര്‍എസ്എസ് തെരഞ്ഞെടുക്കുകയായിരുന്നു.
ശ്രീധരന് പിള്ളയെ കൂടാതെ കൃഷ്ണദാസ് പക്ഷത്തിനും പട്ടികയില്‍ അതൃപ്തിയുണ്ട്. ആറ്റിങ്ങല്‍ ഉറപ്പിച്ചിരുന്ന പികെ കൃഷ്ണദാസ് സ്വന്തം ഗ്രൂപ്പിലെ ശോഭയെ അനുനയിപ്പിക്കാന്‍ സീറ്റ് വിട്ടുകൊടുത്ത് മത്സരരംഗത്തു നിന്നും മാറി. ശോഭാ സുരേന്ദ്രന് നേരത്തെ പാലക്കാട് നല്‍കുമെന്നായിരുന്നു പ്രതീക്ഷ ഉണ്ടായിരുന്നത്. ഇത് കിട്ടാതെ വന്നതോടെയാണ് ആറ്റിങ്ങള്‍ വിട്ട് കൊടുത്തത്.
പത്തനംതിട്ട ഇല്ലെന്ന ഉറപ്പിച്ച എംടി രമേശ് നേരത്തെ പിന്മാറിയിരുന്നു.തിരുവനന്തപുരത്ത് സ്വതന്ത്രനായി ഇറങ്ങുമെന്ന ഭീഷണി ഉയര്‍ത്തിയ മുതിര്‍ന്ന നേതാവ് പിപി മുകുന്ദന് കുമ്മനത്തിന് പിന്തുണ പ്രഖ്യാപിച്ച് പിന്മാറുകയായിരുന്നു.
അതെസമയം ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക ഇത് വരെ പുറത്ത് വന്നിട്ടില്ല. അന്തിമ അംഗീകാരം ആയെങ്കിലും പട്ടിക ഇന്നും പുറത്തിറങ്ങില്ലെന്നാണ് സൂചന. ഇന്നലെ പട്ടിക ഇറങ്ങുമെന്നായിരുന്നു പ്രതീക്ഷ.