കൊച്ചി: ജനകീയ കൂട്ടായ്മയായ ട്വന്റി20 ചാലക്കുടിയില്‍ നിന്ന് മത്സരിക്കുമെന്ന് അറിയിച്ചതിന് പിന്നാലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. സസ്പെന്‍ഷനിലുള്ള ഡിജിപി ജേക്കബ് തോമസാണ് ചാലക്കുടിയില്‍ ട്വന്റി20 സ്ഥാനാര്‍ത്ഥിയാകുന്നത്. ഇടത് സ്ഥാനാര്‍ഥി ഇന്നസെന്റിനെതിരെയാകും ജേക്കബ് തോമസിന്റെ പ്രധാനപ്രചാരണം. ജോലി രാജിവച്ചാണ് ജേക്കബ് തോമസ് രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്.
കേരളത്തിന്റെ ചരിത്രത്തിലാദ്യമായാണ് സസ്പെന്‍ഷനിലുള്ള ഡിജിപി റാങ്കിലുള്ളഒരു ഐപിഎസ് ഉദ്യോഗസ്ഥന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങുന്നത്. 2017 ഡിസംബര്‍ മുതല്‍ ജേക്കബ് തോമസ് സസ്പെന്‍ഷനിലാണ്.
എറണാകുളം ജില്ലയിലെ കിഴക്കമ്പലം പഞ്ചായത്തില്‍ കിറ്റെക്സ് കമ്പനിയുടെ നേതൃത്വത്തിലുള്ള ജനകീയ കൂട്ടായ്മയാണ് ട്വന്റി 20. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നേടുകയും പഞ്ചായത്ത് ഭരണം പിടിച്ചടക്കുകയും ചെയ്തിരുന്നു.