കോഴിക്കോട്: സംസ്ഥാനത്ത് പെരുകി വരുന്ന മയക്കുമരുന്ന് കഞ്ചാവ് മാഫിയകളെ പിടികൂടാന്‍ പോലീസ് അന്വേഷണം ശക്തമാക്കുന്നു. മയക്കുമരുന്ന്, കഞ്ചാവ് മാഫിയകളെ പൂട്ടാന്‍ പോലീസിനൊപ്പം ഇത്തവണ എക്സൈസും കൈകോര്ക്കുന്നുന്നുണ്ട്.
സംസ്ഥാനത്ത് മയക്കുമരുന്ന്, കഞ്ചാവ് മാഫിയ ശക്തിയാര്‍ജിക്കുന്ന സാഹചര്യത്തില്‍ സ്കൂളുകളിലും പൊതുസ്ഥലങ്ങളിലും നിരീക്ഷണത്തിനായി പ്രത്യേകം ഉദ്യോഗസ്ഥരെ നിയോഗിക്കും. സ്കൂള്‍ വിദ്യാര്‍ത്ഥികളെ കഞ്ചാവ് മാഫിയ ലക്ഷ്യം വെയ്ക്കുന്നുണ്ടെന്ന വിവരം ലഭിച്ചതോടെയാണ് സ്കൂളുകളില്‍ നിരീക്ഷണം ശക്തമാക്കാന്‍ എക്സൈസ് ഒരുങ്ങുന്നത്.
എക്സൈസ്, പോലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക യോഗങ്ങള്‍ കഴിഞ്ഞ ദിവസം ചേര്‍ന്നിരുന്നു. മാഫിയകളെ പിടികൂടാന്‍ സംയുക്ത നടപടികള്‍ സ്വീകരിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകളിലും എക്സൈസ് ഓരോ ഉദ്യോഗസ്ഥരെ വീതം നിയോഗിക്കും.
ഇടവഴികള്‍, നഗരങ്ങളില്‍ ആളുകള്‍ കൂടുന്ന ഇടങ്ങള്‍ എന്നിവിടങ്ങളില്‍ ഉദ്യോഗസ്ഥര്‍ പ്രത്യേക നിരീക്ഷണം നടത്തും. മൊബൈല്‍ ട്രാക്കിംഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി പോലീസിന്റെ സഹായം തേടും. വാഹനപരിശോധനയും കര്‍ശനമാക്കും.