തിരുവനന്തപുരം: ബാര്‍ക്കോഴ വിവാദത്തില്‍ തെളിവില്ലെന്നാവര്‍ത്തിച്ച് വിജിലന്‍സ്. കോഴ വാങ്ങിയതിനും നല്‍കിയതിനും തെളിവില്ലെന്നും, പാലായില്‍ കെഎം മാണി കോഴ വാങ്ങുന്നതു കണ്ടെന്നു പറഞ്ഞ സാക്ഷിയുടെ ടവര്‍ ലൊക്കേഷന്‍ ആ സമയത്ത് പൊന്‍കുന്നത്താണെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു.
കെഎംമാണിയെ കുറ്റവിമുക്തനാക്കിയ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതി പരിഗണിക്കവെയാണ് വിജിലന്‍സ് നിലപാട് വ്യക്തമാക്കിയത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സ്വീകരിച്ച അതേ നിലപാടു തന്നെ വിജിലന്‍സ് ഇന്നും കോടതിയില്‍ ആവര്‍ത്തിക്കുകയായിരുന്നു. ആരോപണങ്ങള്‍ തെളിവായി സ്വീകരിക്കാന്‍ കഴിയില്ലെന്നും, തെളിവില്ലാത്ത കേസ് എങ്ങനെ നിലനില്‍ക്കുമെന്നു അറിയില്ലെന്നും കോടതിയെ അറിയിച്ചു.
അഴിമതി ആരോപണത്തെ സാധൂകരിക്കുന്നതല്ല സാക്ഷിമൊഴികള്‍. പ്രധാന തെളിവായി ബിജുരമേശ് നല്‍കിയത് കൃത്രിമ സിഡിയാണെന്നും ശാസ്ത്രീയ പരിശോധനയില്‍ ഇക്കാര്യം തെളിഞ്ഞിട്ടുണ്ടെന്നും വിജിലന്‍സ് അഭിഭാഷകന് സിസി അഗസ്റ്റിന് കോടതിയില്‍ വ്യക്തമാക്കി.