ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക ഇന്നും പ്രഖ്യാപിച്ചേക്കില്ല. ഇന്നലെ രാത്രി ചേര്‍ന്ന തെരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷവും പട്ടിക പുറത്തിറക്കിയില്ല. ഇന്ന് ഉത്തരേന്ത്യയില്‍ ഹോളി ആയതിനാല്‍ നാളെ പ്രസിദ്ധീകരിക്കാനാണ് കൂടുതല്‍ സാധ്യത.
അതേസമയം, ഇടത്പക്ഷവും വലതുപക്ഷവും സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ച് പ്രചരണം ആരംഭിച്ചിട്ടും ബിജെപി സ്ഥാനാര്‍ത്ഥികള്‍ കളത്തില്‍ ഇറങ്ങാത്തത് അണികളെ അലോസരപ്പെടുത്തുന്നുണ്ട്. തിരുവനന്തപുരം ഒഴിച്ച് ബാക്കി 19 സീറ്റുകളിലും സ്ഥാനാര്‍ഥികളാരാണെന്ന് ധാരണയായത് തന്നെ ഇന്നലെയാണ്.
രണ്ടാഴ്ച്ചയിലേറെ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് കേരളത്തിലെ ബിജെപി സ്ഥാനാര്‍ത്ഥികളെക്കുറിച്ച് ദേശീയ നേതൃത്വം ധാരണയിലെത്തിയത്. ഏറെ നീണ്ട അനിശ്ചിതത്വങ്ങള്‍ അവസാനിപ്പിച്ച് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് പത്തനംതിട്ടയില്‍ മത്സരിക്കുമെന്ന് ധാരണയില്‍ എത്തി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള മത്സര രംഗത്തുണ്ടാകില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. കൂടാതെ മറ്റ് നേതാക്കളായ അല്‍ഫോന്‍സ് കണ്ണന്താനം എറണാകുളത്തും, ശോഭസുരേന്ദ്രന്‍ ആറ്റിങ്ങലിലുമാണ് ജനവിധി തേടുക.
പാലക്കാട് വി മുരളീധരന് വിഭാഗത്തിലെ സി കൃഷ്ണകുമാര്‍ സ്ഥാനാര്‍ത്ഥിയാകും. ബിജെപി 14 സീറ്റുകളിലും ബിഡിജെഎസ് 5 സീറ്റുകളിലും മത്സരിക്കും. കേരളാ കോണ്‍ഗ്രസ് നേതാവ് പിസി തോമസിന് കോട്ടയം സീറ്റ് നല്കി. വയനാട്, ആലത്തൂര്‍, തൃശ്ശൂര്‍, മാവേലിക്കര, ഇടുക്കി എന്നീ സീറ്റുകളിലാണ് ബിഡിജെഎസ് മത്സരിക്കുക.