തൃശ്ശൂര്‍: ലോകത്തെ മലയാളി നഴ്സുമാരുടെ കെട്ടുറപ്പിനെ തകര്‍ക്കാനുള്ള ഗൂഢശ്രമങ്ങളെ ഒറ്റക്കെട്ടായി ചെറുത്തുതോല്‍പ്പിക്കുമെന്ന് തൃശൂരില്‍ നടന്ന യുണൈറ്റഡ് നഴ്സസ് അസോസിയേഷന് സംസ്ഥാന ജനറല്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ആഭ്യന്തര വകുപ്പ് പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണത്തെ സധൈര്യം നേരിടാനും സംസ്ഥാന കമ്മിറ്റി യോഗത്തില്‍ തീരുമാനമായി.
സംഘടനയുടെ ശക്തി നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്നതില്‍ സ്വകാര്യ മേഖലയിലെ വന്‍കിട മുതലാളിമാരും ചില കടലാസുസംഘടനകളും അസംതൃപ്തരാണെന്നും കേരള നഴ്സിങ് കൗണ്‍സില്‍ ഉള്‍പ്പെടെ അധികാര സ്ഥാനങ്ങളിലേക്ക് ജനകീയമായി തെരഞ്ഞെടുക്കപ്പെട്ടതോടെ ശത്രുക്കളുടെ എണ്ണം കൂടി, ഇവരുടെ ഗൂഢാലോചനയില്‍ നിന്നാണ് ഇപ്പോഴത്തെ ആരോപണങ്ങളെല്ലാം ഉടലെടുത്തതെന്നും കൗണ്‍സില്‍ യോഗം വിലയിരുത്തി.
2017 മുതല്‍ സംഘടനയില്‍ അവതരിപ്പിച്ച് ചര്‍ച്ചകള്‍ക്ക് ശേഷം അംഗീകാരം നല്‍കിയിരുന്ന വരവ് ചെലവ് കണക്കുകള്‍ പ്രത്യേകസാഹചര്യത്തില്‍ സംസ്ഥാന കമ്മിറ്റി യോഗം വീണ്ടും പരിശോധിച്ചു. പാകപ്പിഴവുകളില്ലെന്നും ഏതന്വേഷണത്തെയും നേരിടാന്‍ തയ്യാറാണെന്നും യോഗം ഐക്യഖണ്ഠേന തീരുമാനമെടുത്തു. മാത്രമല്ല, സംസ്ഥാന കമ്മിറ്റി അംഗീകരിച്ച വരവ് ചെലവ് കണക്ക് സോഷ്യല്‍ ഓഡിറ്റിങിന് വിധേയമാക്കുന്നതിനായി വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കാനും യോഗത്തില്‍ തീരുമാനമായി.
യോഗത്തില്‍ യുഎന്‍എ ദേശീയ കമ്മിറ്റി പ്രസിഡന്റ് ജാസ്മിന്ഷ അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി സുധീപ് എംവി, സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ്, സംസ്ഥാന സെക്രട്ടറി സുജനപാല്‍ അച്യുതന്, ട്രഷറര്‍ ബിബിന്‍ എന്‍ പോള്‍, ദേശീയ,സംസ്ഥാന സഹഭാരവാഹികള്‍ എന്നിവര്‍ സംസാരിച്ചു.