തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും ചൂട് കനക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും 2 മുതല്‍ 3 ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. വെള്ളിയാഴ്ച വരെയാണ് ചൂട് വര്‍ധിക്കാന്‍ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി.
കൊടും ചൂടില്‍ സൂര്യാഘാതത്തിനുള്ള സാധ്യതയുള്ളതിനാല്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ കാലാവസ്ഥ കേന്ദ്രം പുറത്തിറക്കി.
നേരിട്ട് സൂര്യപ്രകാശം എല്ക്കുന്നത് രാവിലെ 11 മുതല്‍ വൈകിട്ട് 3 വരെ എങ്കിലും ഒഴിവാക്കണം.
നിര്‍ജലീകരണം തടയാനായി കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതണം.
രോഗങ്ങള്‍ ഉള്ളവര്‍ അതീവ ജാഗ്രത പാലിക്കണം.
കാപ്പി, ചായ എന്നീ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കണം.
അയഞ്ഞ, ലൈറ്റ് കളര്‍ പരുത്തി വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രദ്ധിക്കണം.
പരീക്ഷാക്കാലമായതിനാല്‍ സ്കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തണം.
അവധി പ്രമാണിച്ച് കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ രാവിലെ 11 മുതല്‍ വൈകിട്ട് 3 വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തണം.
വേനല്‍ക്കാലത്ത് താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി സൂര്യപ്രകാശം നേരിട്ട് എല്‍ക്കേണ്ടി വരുന്നു തൊഴില്‍ സമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍ ഉത്തരവിട്ടിട്ടുണ്ട്. തൊഴില്‍ദാതാക്കള്‍ ഈ നിര്‍ദേശം പാലിക്കണം. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ഏര്‍പെട്ടിരിക്കുന്ന സാമൂഹിക പ്രവര്‍ത്തകരും കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ ഈ മുന്നറിയിപ്പ് സന്ദേശം ശ്രദ്ധിക്കണം.