ആലപ്പുഴ: വിഎം സുധീരനേയും കെസി വേണുഗോപാലിനേയും കണക്കിന് വിമര്‍ശിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്.
വിഎം സുധീരനും കെസി വേണുഗോപാലും ആലപ്പുഴയിലെ ഒരു മുന്‍ ഡിസിസി പ്രസിഡന്റും കൂടി 20 കൊല്ലമായി തന്നെ തകര്‍ക്കാന്‍ നടക്കുകയാണെന്നും പക്ഷേ ദൈവം തന്റെ കൂടെയാണ്. ഈ മൂന്നുപേരും ഇന്നെവിടെ കിടക്കുന്നു, സുധീരന് കോണ്‍ഗ്രസില്‍ ആര്‍ക്കും വേണ്ടാത്ത കുഴിയാനയായി, മുന്‍ ഡിസിസി പ്രസിഡന്റ് ഗതിയില്ലാതെ ചാനല്‍ ജീവിയായി നടക്കുന്നു. ആലപ്പുഴയിലെ കോണ്‍ഗ്രസ് കീഴോട്ട് വളര്‍ന്നുകൊണ്ടിരിക്കുന്ന പടവലങ്ങയാണെന്നും അതില്‍ കെട്ടിയിട്ട കല്ലാണ് ഷുക്കൂറെന്ന് വെള്ളാപ്പള്ളി പരിഹസിച്ചു. മൂന്നാമന് വേണുഗോപാല്‍ ആലപ്പുഴയില്‍ പ്രമാണിയാകാന്‍ വന്നെങ്കിലും പ്രാണിയെപ്പോലെ പറന്നെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ആലപ്പുഴയില്‍ ആരിഫാണ് മത്സരിക്കുന്നതെങ്കില്‍ താന്‍ മത്സരിക്കില്ലെന്ന് നേരത്തേ തന്നെ വേണുഗോപാല്‍ പലരോടും പറഞ്ഞിട്ടുണ്ടായിരുന്നുവെന്നും ആലപ്പുഴ മണ്ഡലത്തില്‍ എഎം ആരിഫിനാണ് സാധ്യത. ആരിഫ് കൊള്ളാവുന്ന സ്ഥാനാര്‍ത്ഥിയാണ്. ഷാനിമോള്‍ ഉസ്മാന് കോണ്‍ഗ്രസ് തോല്‍ക്കുന്ന സീറ്റ് കൊടുത്ത് ചതിക്കുകയായിരുന്നു. കെസി വേണുഗോപാല്‍ മത്സരിച്ചാലും ആരിഫിനോട് തോല്‍ക്കുമായിരുന്നു. പക്ഷേ ഒരു മത്സരം നടക്കുമായിരുന്നു. കെസി വേണുഗോപാല്‍ കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതാവൊക്കെ ആയി, പക്ഷേ ആലപ്പുഴയില്‍ നിന്ന് ആത്മഭീതി കാരണം ഓടിപ്പോകേണ്ടിവന്നെന്നും അദ്ദേഹം പറഞ്ഞു.