കൊച്ചി: സംസ്ഥാനത്ത് പലയിടങ്ങളിലും നടക്കുന്ന വ്യാപക എടിഎം തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ ബാങ്ക് അക്കൗണ്ടുള്ള ഒരാളുടെ പണം ആരെങ്കിലും തട്ടിയെടുത്താല്‍ നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യത ബാങ്കിനുണ്ടെന്ന് ഹൈക്കോടതി വിധി. പണം നഷ്ടപ്പെട്ടയാള്‍ക്ക് തുക നല്‍കേണ്ടത് ബാങ്കാണെന്നും ഇക്കാര്യത്തില്‍ യാതൊരു കാരണവശാലും ബാങ്കിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
വിദേശത്ത് ജോലി ചെയ്യുന്ന പിവി ജോര്‍ജിന്റെ വാദത്തിലാണ് കോടതി ഉത്തരവ്. കോട്ടയം ജില്ലയില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അക്കൗണ്ട് ഉള്ള അദ്ദേഹത്തിന്റെ അക്കൗണ്ടില്‍ നിന്ന് 2.40 ലക്ഷം രൂപയുടെ എടിഎം തട്ടിപ്പാണ് നടന്നത്. തന്റെ അറിവില്ലാതെ അനധികൃതമായി മറ്റാരോ പണം പിന്‍വലിച്ചിരിക്കുന്നുവെന്നും അതിനാല്‍ തനിക്കുണ്ടായ നഷ്ടം ബാങ്ക് നികത്തണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം.
ജോര്‍ജിന്റെ ഹര്‍ജി മുന്‍സിഫ് കോടതി തള്ളിയിരുന്നു. എന്നാല്‍, നഷ്ടപരിഹാരം ബാങ്ക് നല്‍കണമെന്ന് ജില്ലാ കോടതി ഉത്തരവിട്ടു. ഈ ഉത്തരവിനെതിരെ ബാങ്ക് നല്കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് നഷ്ടപരിഹാരത്തിന് ഹൈക്കോടതി ഉത്തരവിട്ടത്. ബാങ്ക് ഉന്നയിച്ചത് എടിഎം കാര്‍ഡിന്റെ പിന് നമ്പര്‍ കാര്‍ഡ് ഉടമയ്ക്ക് മാത്രമേ അറിയൂ എന്നും അതിനാല്‍ കാര്‍ഡ് ഉടമയുടെ അറിവില്ലാതെ പണം എടുക്കാന്‍ കഴിയില്ലെന്നുള്ള വാദമാണ്. അതിനാല്‍ നഷ്ടപരിഹാരം നല്‍കാനുള്ള ഉത്തരവാദിത്വം ബാങ്കിനില്ലെന്ന് ബാങ്ക് വാദിച്ചു. ഈ വാദമാണ് ഹൈക്കോടതി തള്ളിയത്.