മലപ്പുറം: മലപ്പുറത്ത് വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ വെസ്റ്റ് നൈല്‍ പനിയെ കുറിച്ച് പഠിക്കാന്‍ വിദഗ്ദ്ധ സംഘം ഇന്ന് മലപ്പുറത്തെത്തും. സംസ്ഥാന എന്‍ഡമോളജി യൂണിറ്റിലേയും കോട്ടയം ആസ്ഥാനമായുള്ള വെക്ടര്‍ കണ്ട്രോള് റിസര്‍ച്ച് സെന്ററിലേയും ഉദ്യോഗസ്ഥരാണ് മലപ്പുറത്ത് സന്ദര്‍ശനം നടത്തുക.
വെസ്റ്റ് നൈല്‍ പനി ബാധിച്ച് മരിച്ച ആറ് വയസുകാരന്റെ വേങ്ങര എആര്‍ നഗറിലെ വീടിന് സമീപ പ്രദേശങ്ങളിലാണ് ആദ്യം പരിശോധന നടത്തുക. വൈറസ് ബാധ ഉണ്ടാകാനിടയായ സാഹചര്യം കണ്ടെത്തുക, കൊതുകുകളെ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കുക, ഇത്തരം രോഗങ്ങള്‍ വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍
നിര്‍ദേശിക്കുക എന്നിവയാണ് പരിശോധനയുടെ പ്രധാന ലക്ഷ്യം. ഉച്ചക്ക് ശേഷം മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീനയുമായി വിദഗ്ദ്ധ സംഘം കൂടിക്കാഴ്ച നടത്തും.
അതേസമയം, വെസ്റ്റ് നൈല്‍ പനിക്കെതിരെ വടക്കന്‍ കേരളത്തില്‍ കനത്ത ജാഗ്രത തുടരുകയാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുകയാണ്.