തിരുവനന്തപുരം: കര്‍ഷകരുടെ വായ്പയ്ക്ക് 2018 ഒക്ടോബറില്‍ പ്രഖ്യാപിച്ച മോറട്ടോറിയം 2019 ഒക്ടോബര്‍ 11 വരെ നിലനില്‍ക്കുന്നുണ്ടെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കര്‍ഷകരുടെ വായ്പയ്ക്ക് മോറട്ടോറിയം പ്രഖ്യാപിച്ച് ഉത്തരവിറക്കാനായില്ലെന്ന വാര്‍ത്ത തെറ്റിധാരണാജനകമാണെന്നും അദ്ദേഹം പറഞ്ഞു.
മൊറട്ടോറിയം സംബന്ധിച്ച തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടത് വാണിജ്യ ബാങ്കുകള്‍ ആയതിനാല്‍, വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത്, മുഖ്യമന്ത്രി ആറിന് ബാങ്കുകളുമായി നേരിട്ട് ചര്‍ച്ച നടത്തുകയും തുടര്‍ന്ന് 16ന് നടന്ന സംസ്ഥാനതല ബാങ്കേഴ്സ് സമിതിയില്‍ ബാങ്കുകളുമായി ധാരണയിലെത്തുകയും ചെയ്തു. ഈ സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് ആശങ്ക വേണ്ടെന്നും ചീഫ് സെക്രട്ടറി പ്രസ്താവനയില്‍ അറിയിച്ചു.
കര്‍ഷകരുടെ വായ്പകള്‍ക്കുള്ള മൊറോട്ടോറിയം സംബന്ധിച്ച ഉത്തരവ് ഇറക്കാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ച് കൃഷിമന്ത്രി രംഗത്തെത്തിയിരുന്നു. മന്ത്രിസഭാ തീരുമാനം 48 മണിക്കൂറിനകം ഉത്തരവായി ഇറങ്ങുന്ന പതിവ് നടക്കാത്തതിനേക്കുറിച്ച് ചീഫ് സെക്രട്ടറിയോട് ചോദിക്കണമെന്നും വിഎസ് സുനില്‍ കുമാര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി ചീഫ് സെക്രട്ടറി എത്തിയത്.