കൊച്ചി: സംവിധായകന് റോഷന് ആന്‍ഡ്രൂസ് ഗുണ്ടകളുമായെത്തി നിർമ്മാതാവ് ആല്വിന് ആന്റണിയുടെ വീട് ആക്രമിച്ച പരാതിയില്‍ തുടര്‍ നടപടികള്‍ വിശദമായ അന്വേഷണത്തിന് ശേഷമായിരിക്കുമെന്ന് എറണാകുളം സൗത്ത് പോലീസ്. സംഭവത്തില്‍ ആല്വിന് ആന്റണി തന്നെ മര്‍ദ്ദിച്ചെന്ന് ആരോപിച്ച് സംവിധായകന് റോഷന് ആന്‍ഡ്രൂസും പരാതി നല്കിയ സാഹചര്യത്തിലാണ് വിശദമായ അന്വേഷണം നടത്താന്‍ പോലീസ് തീരുമാനിച്ചത്.
ഇരുവരുടെയും പരാതിയില്‍ സൗത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രണ്ടുപേരേയും വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്നും തിടുക്കപ്പെട്ട് അറസ്റ്റിലേക്ക് കടക്കില്ലെന്നും പോലീസ് അറിയിച്ചു. അതേസമയം, സംഭവത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ആല്വിന് ആന്റണി തിങ്കളാഴ്ച ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്.