തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയിലേക്ക് പോയി മാരത്തണ്‍ ചര്‍ച്ചകള്‍ നടത്തിയിട്ടും വടകരയില്‍ പി ജയരാജനെതിരെ മത്സരിപ്പിക്കാന്‍ ഒരാളെ കണ്ടെത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നില്ല. ആദ്യ ചര്‍ച്ചകളില്‍ മുല്ലപ്പള്ളിയും വിദ്യാബാലകൃഷ്ണനുമായിരുന്നു പരിഗണനയിലുണ്ടായിരുന്നത്. എന്നാല്‍ മുല്ലപ്പള്ളി മത്സരിക്കാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കിയതോടെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വിദ്യാ ബാലകൃഷ്ണന്റെ പേരുമാത്രമായി പരിഗണനാ പട്ടികയില്‍.
അതിനിടെ വിദ്യാ ബാലകൃഷ്ണനെ വേണ്ടെന്ന് പറയുന്ന സേവ് കോണ്‍ഗ്രസ് പോസ്റ്ററുകള്‍ മണ്ഡലത്തില്‍ പ്രത്യക്ഷപ്പെട്ടത് പി ജയരാജനെതിരെ വിദ്യാ ബാലകൃഷ്ണന് മതിയോ എന്ന സംശയം ഇരട്ടിപ്പിച്ചു. വീണ്ടും മുല്ലപ്പള്ളിക്കു മേല്‍ മത്സരിക്കാന്‍ സമ്മര്‍ദ്ദം. എന്നാല്‍ മത്സരിക്കുന്നില്ല എന്ന നിലപാടില്‍ മുല്ലപ്പള്ളി ഉറച്ച് നിന്നതോടെ വിഎം സുധീരന്, ബിന്ദു കൃഷ്ണ എന്നിവരുടെ പേരുകളും ചര്‍ച്ചയില്‍ വന്നു.
പിന്നീട് പ്രവീണ്‍ കുമാറിന്റെ പേര് ചര്‍ച്ചകളുടെ ഭാഗമായി. പ്രവീണ്‍കുമാറിന്റെ സ്ഥാനാര്‍ത്ഥിത്വം ഏതാണ്ട് തീരുമാനിക്കപ്പെട്ടെന്ന രീതിയില്‍ വാര്‍ത്തകളും പുറത്തേക്കു വന്നു. എന്നാല്‍ ജയരാജനെതിരെ കൂടുതല്‍ ശക്തനായ സ്ഥാനാര്‍ത്ഥി വേണമെന്ന ആവശ്യം ഘടക കക്ഷികളില്‍ നിന്നും പാര്‍ട്ടിക്ക് അകത്തു നിന്നും ഉയര്‍ന്നതോടെ വടകരയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം വീണ്ടും പ്രതിസന്ധിയിലായി.
അതിനിടെ, ഇടതുമുന്നണി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടത്തി പ്രചരണത്തിന്റെ ആദ്യ ഘട്ടം ആരംഭിച്ചിട്ടും കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്താന്‍ കഴിയാത്തതിനെതിരെ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി – യുവജന വിഭാഗങ്ങള്‍ രംഗത്ത് വന്നു. ആര്‍എംപി പിന്തുണ പ്രഖ്യാപിക്കുക കൂടി ചെയ്തതോടെ കോണ്‍ഗ്രസ് നേതൃത്വം കടുത്ത സമ്മര്‍ദ്ദത്തിലായി.
ഒടുവില്‍ ഉമ്മന്‍ചാണ്ടി ഇടപെട്ടതൊടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ അനിശ്ചിതത്വം നീങ്ങുകയായിരുന്നു.
മുരളീധരന് സമ്മതമറിയിച്ച കാര്യം ഉമ്മന്‍ചാണ്ടി മുല്ലപ്പള്ളിയെ അറിയിച്ചു. പിന്നെ തീരുമാനം വേഗത്തിലായി. അങ്ങനെ കോഴിക്കോട്ടെ മുന്‍ എംപിയായ കെ മുരളീധരന് വടകരയില്‍ പി ജയരാജനെതിരെ മത്സരിക്കാന്‍ എത്തുകയാണ്. ഇരുമുന്നണികളിലെയും പ്രധാന പാര്‍ട്ടികളിലെ പ്രധാനപ്പെട്ട നേതാക്കള്‍ നേര്‍ക്കു നേര് ഏറ്റുമുട്ടുന്നതു കൊണ്ട് താരപരിവേഷമുള്ള തെരഞ്ഞെടുപ്പ് പോരാട്ടമായി വടകരയിലെ മത്സരം മാറുകയാണ്.