തെന്മല: ഇനിമുതല്‍ കുപ്പികളില്‍ പെട്രോളും ഡീസലും വാങ്ങുന്നതിന് പോലീസിന്റെ സമ്മതപത്രം നിര്‍ബന്ധം. തിരുവല്ലയില്‍ യുവതിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ചതിന്റെ പശ്ചാത്തലത്തിലാണ് പെട്രോളും ഡീസലും വാങ്ങുന്നതിലെ നിയമം കൊല്ലം പോലീസ് കര്‍ശനമാക്കിയിരിക്കുന്നത്.
പമ്പുകളില്‍ നിന്ന് പെട്രോളും, ഡീസലും, കന്നാസുകളിലും കുപ്പികളിലും ലഭിക്കണം എങ്കില്‍ പോലീസിന്റെ കത്ത് നിര്‍ബന്ധമാക്കിയാണ് പുതിയ ഉത്തരവ്. ഇത് സംബന്ധിച്ച് പമ്പുടമകള്‍ക്ക് പോലീസ് നിര്‍ദേശം നല്കി. എന്നാല്‍ പോലീസിന്റെ ഈ നിര്‍ദേശത്തെ തുടര്‍ന്ന് ചെറുകിട പണിക്കാരും, കരാര്‍ പണിക്കാരും പ്രതിസന്ധിയിലായിരിക്കുകയാണ്.
മണ്ണുമാന്തി ഉള്‍പ്പെടെയുള്ള യന്ത്രങ്ങള്‍ക്കുള്ള ഇന്ധനം പമ്പുകളില്‍ നിന്നും കന്നാസുകളില്‍ വാങ്ങിപ്പോവുന്നവര്ക്കും മരംമുറിക്കുന്നവര്ക്കും പോലീസ് നിര്‍ദേശം തിരിച്ചടിയായിട്ടുണ്ട്. എല്ലാദിവസവും ഇന്ധനം വാങ്ങുന്നതിനായുള്ള അനുമതി പത്രം വാങ്ങുന്നതിനായി പോലീസ് സ്റ്റേഷനിലേക്ക് പോവേണ്ട അവസ്ഥയാണ് ജനങ്ങള്‍ ഇപ്പോള്‍.