ആലപ്പുഴ: രോഗം തന്നെ പിടിമുറുക്കിയപ്പോഴും തന്റെ ശബ്ദമാധുരി മറ്റുള്ളവര്‍ക്ക് വേണ്ടി വിനിയോഗിക്കുകയാണ് പ്രിയ അച്ചു. പിറ്റിയൂട്ടറി അഡിനോമ എന്ന, തലച്ചോറിനെ ബാധിക്കുന്ന അപൂര്‍വരോഗം പിടിപെട്ട് 6 വര്‍ഷമായി വേദന തിന്നുകയാണ് പ്രിയ. എങ്കിലും നിര്‍ധന രോഗികള്‍ക്ക് താങ്ങും തണലുമേകാന്‍, പിന്നണിഗായികയായ എറണാകുളം ഇടപ്പള്ളി മണ്ണാംപറമ്പില്‍ പ്രിയ എവിടെയും ഓടിയെത്തും.
പുതുപ്പള്ളി ഗോവിന്ദമുട്ടം ചരുവക്കാട്ടിതറയില് ഓമനക്കുട്ടന്റെ കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള പണം ശേഖരണത്തിനായി കായംകുളത്ത് എത്തിയ പ്രിയ തുടര്‍ച്ചയായി 12 മണിക്കൂര്‍ പാടിയാണ് ജനശ്രദ്ധ ആകര്‍ശിച്ചത്. ഇതിനിടെ മുപ്പതോളം രോഗികള്‍ക്കുള്ള ചികിത്സാ ചെലവ് പാട്ടിലൂടെ സമാഹരിച്ചിട്ടുണ്ട് പ്രിയ എന്ന യുവതി.
പ്രിയയുടെ തലച്ചോറില്‍ രണ്ട് മുഴകള്‍ ഉണ്ട്. ചികിത്സയ്ക്ക് വേണ്ടി കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിയപ്പോഴാണ് ഹരിപ്പാട്ടുള്ള നിര്‍ധനയായ ഒരു കുട്ടിയുടെ ദുരിതം കണ്ടറിഞ്ഞത്. ആ കുട്ടിക്കു വേണ്ടിയാണ് ആദ്യമായി തെരുവില്‍ ഇറങ്ങി പ്രിയ പാടുന്നത്. ഇപ്പോള്‍ ഒട്ടേറെ സംഘടനകളാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രിയയെ പാടാന്‍ വിളിക്കുന്നത്. ഒരു രൂപപോലും പ്രതിഫലം വാങ്ങാതെയാണ് പ്രിയ പാടാനെത്തുന്നത്.
രോഗിയായ ഓമനക്കുട്ടനു വേണ്ടിയാണ് കഴിഞ്ഞ ദിവസം കായംകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം പ്രിയ പാടിയത്. സമാഹരിച്ച തുക ചികിത്സാ സഹായ സമിതിക്കു കൈമാറി. ഭര്‍ത്താവ് സുമേഷാണ് പ്രിയയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു കരുത്തേകുന്നത്. ഒട്ടേറെ ആല്‍ബങ്ങളിലും പ്രിയ പാടിയിട്ടുണ്ട്. ജോജന്‍ ജോസഫ് സംവിധാനം ചെയ്ത രാക്ഷസ രാവണന് എന്ന ചിത്രത്തില്‍ പാടാനുള്ള അവസരം ലഭിച്ച സന്തോഷത്തിലാണ് ഇപ്പോള്‍ പ്രിയ.