കൊച്ചി: ആണ്‍കുട്ടിക്കുള്ള അതേ അവകാശം പെണ്‍കുട്ടികള്‍ക്കുമുണ്ട്, ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ഇല്ലാത്ത നിയന്ത്രണം പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ എന്തിന്? എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി തൃശ്ശൂര്‍ കേരളവര്‍മ കോളേജ് വനിതാ ഹോസ്റ്റലിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് രാഷ്ട്രീയ പ്രവര്‍ത്തനത്തിനും സിനിമ കാണാനുമുള്ള നിയന്ത്രണ വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി.
ഫസ്റ്റ് ഷോയ്ക്കും സെക്കന്‍ഡ് ഷോയ്ക്കും പോകുന്നതിനുള്ള വിലക്ക് തുടങ്ങിയവ ചോദ്യംചെയ്ത് രണ്ട് വിദ്യാര്‍ത്ഥിനികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണിത്. ഹോസ്റ്റല്‍ വിദ്യാര്‍ത്ഥിനികള്‍ രാഷ്ട്രീയ യോഗം, പ്രകടനം, പ്രചാരണം തുടങ്ങിയവയില്‍ പങ്കെടുക്കരുതെന്ന വ്യവസ്ഥ ഹോസ്റ്റലിലെ അച്ചടക്കത്തെ ബാധിക്കുന്നതല്ലെന്ന് ജസ്റ്റിസ് എ മുഹമ്മദ് മുസ്താഖ് ഓര്‍മിപ്പിച്ചു.
ഇത് വിദ്യാര്‍ത്ഥിനികളുടെ മൗലികാവകാശം ലംഘിക്കുന്നു. വാര്ഡന് സമ്മതിക്കുന്ന ദിവസമേ സിനിമയ്ക്കു പോകാവൂ, ഫസ്റ്റ് ഷോ, സെക്കന്‍ഡ് ഷോ എന്നിവയ്ക്ക് പോകരുത് എന്നീ നിയന്ത്രണങ്ങള്‍ വനിതാ ഹോസ്റ്റലില്‍ മാത്രമാണുള്ളത്. ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ നിയന്ത്രണം ഇല്ലെന്നും മാനേജ്മെന്റിന്റെ സദാചാര ധാരണ വിദ്യാര്‍ത്ഥിനികളില്‍ അടിച്ചേല്പിക്കാനുള്ള ശ്രമമാണിതെന്നും കോടതി നിരീക്ഷിച്ചു.
വിദ്യാര്‍ത്ഥിനികള്‍ പ്രായപൂര്‍ത്തിയായവരാണ്. ഹോസ്റ്റലിലെ നിയന്ത്രണങ്ങള്‍ മാതാപിതാക്കള്‍ സമ്മതിച്ച് ഒപ്പിട്ടതാണെന്ന മാനേജ്മെന്റിന്റെ വാദം സ്വീകാര്യമല്ല. മാതാപിതാക്കള്‍ അംഗീകരിച്ചതായാല്പ്പോലും അത് വിദ്യാര്‍ത്ഥിനികളുടെ മൗലികാവകാശത്തെ ബാധിക്കുന്നതാകരുത്.
അതേസമയം, ഹോസ്റ്റലില്‍ തിരിച്ചെത്താന്‍ ന്യായമായ സമയം നിശ്ചയിക്കാന്‍ കോളേജ് മാനേജ്മെന്റിന് തടസ്സമില്ലെന്നും കോടതി വ്യക്തമാക്കി. ഹോസ്റ്റലിലെ അച്ചടക്കത്തിനു വേണ്ടിയാണിത്. രാഷ്ട്രീയ പ്രവര്‍ത്തനവും സിനിമ കാണലും സംബന്ധിച്ച രണ്ട് വ്യവസ്ഥകളാണ് കോടതി റദ്ദാക്കിയത്. എന്നാല്‍ ഹര്‍ജിക്കാര്‍ ചോദ്യംചെയ്ത മറ്റു രണ്ട് വ്യവസ്ഥകളില്‍ കോടതി ഇടപെട്ടില്ല.