കോഴിക്കോട്: ക്ഷേമനിധി ബോര്‍ഡ് പെന്‍ഷനുകള്‍ തെരഞ്ഞെടുപ്പിനു തൊട്ടു മുന്‍പുള്ള ആഴ്ചകളില്‍ വിതരണം ചെയ്യാന്‍ നിര്‍ദേശവുമായി സംസ്ഥാന ധനകാര്യവകുപ്പ്. ഈ മാസം 15നാണു ധനകാര്യ വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്.
ഏപ്രില്‍ ഒന്നിന് തന്നെ ക്ഷേമനിധി ബോര്‍ഡ് പെന്‍ഷനുകള്‍ വിതരണം ചെയ്തു തുടങ്ങണമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. 2018 ഡിസംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള 5 മാസത്തെ പെന്‍ഷനാണു വിതരണം ചെയ്യാനുള്ളത്. മുടങ്ങിക്കിടന്ന പെന്‍ഷനുകള്‍ നല്കാന് 350 കോടി 35 ലക്ഷത്തോളം രൂപ അനുവദിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ ധനസഹായം ഉപയോഗിച്ചു പെന്ഷന് നല്കുന്ന ക്ഷേമനിധി ബോര്‍ഡ് പെന്‍ഷനുകള്‍ക്കാണ് ഇത്രയും തുക അനുവദിച്ചത്. 10 ദിവസത്തിനകം പെന്ഷന് വിതരണം പൂര്‍ത്തിയാക്കണമെന്നും ബാക്കി വരുന്ന തുക 5 ദിവസത്തിനകം സംസ്ഥാന സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്റെ ബാങ്ക് അക്കൗണ്ടിലേക്കു തിരിച്ചയക്കണമെന്നും ഉത്തരവില്‍ പറയുന്നു.