വടകര: ലോക്സഭ തെരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി വിദ്യാ ബാലകൃഷ്ണന് മത്സരിക്കുമെന്ന സൂചനകള്‍ക്കിടെ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിക്കെതിരെ പ്രതിഷേധ പോസ്റ്ററുകള്‍. വടകരയില്‍ വിദ്യാ ബാലകൃഷ്ണന് വേണ്ടെന്ന് എഴുതിയ പോസ്റ്ററുകളാണ് പതിപ്പിച്ചിരിക്കുന്നത്. കുറ്റ്യാടി മേഖലയിലാണ് വിദ്യയ്ക്ക് എതിരെ പോസ്റ്ററുകള്‍ പതിപ്പിച്ചിരിക്കുന്നത്.
‘വടകരയില്‍ വിദ്യാ ബാലകൃഷ്ണന് വേണ്ടേ വേണ്ട. കോണ്‍ഗ്രസിന്റെ നേതൃപാപ്പരത്വം അവസാനിപ്പിക്കുക.’ എന്ന തുടങ്ങി സേവ് കോണ്‍ഗ്രസ് എന്ന പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വടകരയില്‍ ആദ്യഘട്ട ചര്‍ച്ചകളില്‍ വിദ്യയുടെ പേരാണ് ഉയര്‍ന്നുവന്നത്.
എന്നാല്‍ ഇടതുപക്ഷത്തിന്റെ ശക്തനായ സ്ഥാനാര്‍ത്ഥിയായ ജയരാജന് എതിരെ ശക്തമായ മത്സരം കാഴ്ചവയ്ക്കാന്‍ വിദ്യക്ക് കഴിയില്ലെന്ന് ആരോപിച്ച് ഒരുവിഭാഗം രംഗത്തെത്തി. സിറ്റിങ് എംപിയായ മുല്ലപ്പള്ളി രാമചന്ദ്രന് മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് വിദ്യയുടെ പേര് ഉയര്‍ന്നത്. എന്നാല്‍ വടകരയില്‍ മത്സരിക്കാന്‍ മുല്ലപ്പള്ളിയുടെ മേല്‍ സമ്മര്‍ദ്ദം ശക്തമാകുന്നുണ്ട്.