ന്യൂഡല്‍ഹി: ബിജെപി ആവശ്യപ്പെട്ടാല്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് ടോം വടക്കന്‍. ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച നിര്‍ണ്ണായക ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ പുരോഗമിക്കുന്നതിനിടെ ടോം വടക്കന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന് പിള്ളയെ കണ്ടു. ഡല്‍ഹിയിലായിരുന്നു കൂടിക്കാഴ്ച.
ഒരു ഉപാധിയും ഇല്ലെതായാണ് ബിജെപിയിലേക്ക് വന്നതെന്നും സ്ഥാനമാനങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ടോം വടക്കന്‍ വ്യക്തമാക്കി. അതേസമയം, പാര്‍ട്ടി പറഞ്ഞാല്‍ സ്ഥാനാര്‍ത്ഥിയാകുന്നതില്‍ എതിര്‍പ്പില്ലെന്നാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം ടോം വടക്കന്റെ നിലപാട്.
കേരളത്തില്‍ നിന്ന് നല്കിയ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ടോം വടക്കന്റെ പേരില്ലെന്ന് നേരത്തെ പിഎസ് ശ്രീധരന് പിള്ള പറഞ്ഞിരുന്നു. സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കുമ്പോള്‍ ടോം വടക്കന്‍ കോണ്‍ഗ്രസിലായിരുന്നു. അതിന് ശേഷമാണ് ദേശീയ നേതൃത്വം ഇടപെട്ട് ടോം വടക്കന്‍ ബിജെപി അംഗത്വമെടുത്തത്.
അതേസമയം, കേരളത്തില്‍ സ്ഥാനാര്‍ത്ഥിയായി ടോം വടക്കന്‍ വന്നേക്കുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് പിഎസ് ശ്രീധരന് പിള്ളയുമായി കൂടിക്കാഴ്ച നടത്തിയതെന്നതും ശ്രദ്ധേയമാണ്.