തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ അവസാന മണിക്കൂറുകളില്‍ സ്ഥലം മാറ്റ ഉത്തരവ് ഇറക്കിയത് മൂലം പണിയില്ലാതെ ‘പെരുവഴിയിലായ’ 110 പോലീസ് ഉദ്യോഗസ്ഥര്‍ തിരികെ ജോലിയില്‍ പ്രവേശിച്ചു. ജോലിയില്ലാതെ പേരൂര്‍ക്കട എസ്എപി ക്യാംപില്‍ അറ്റാച്ച് ചെയ്തിരുന്ന സിഐമാരും ഡിവൈഎസ്പിമാരും ഉള്‍പ്പെടെയുള്ളവരാണ് തിരികെ ജോലിയില്‍ പ്രവേശിച്ചത്. ഇന്നലെ രാത്രിയോടെയാണ് അവര്‍ പുതിയ ചുമതല ഏറ്റെടുത്തത്. പോലീസ് ആസ്ഥാനത്തെ ഐജി ദിനേന്ദ്ര കശ്യപ് എസ്എപി ക്യാംപില്‍ എത്തി ഇവരെ ഡ്യൂട്ടിക്ക് പറഞ്ഞയയ്ക്കുകയായിരുന്നു.
തെരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദേശിച്ചിരുന്നത് കഴിഞ്ഞ മാസം അവസാനത്തോടെ എല്ലാ സ്ഥലംമാറ്റവും പൂര്‍ത്തിയാക്കണമെന്നായിരുന്നു. എന്നാല്‍ ഇവരെ ജില്ലാ പോലീസ് മേധാവികള്‍ വിട്ടയക്കാത്തതിനാല്‍ പുതിയ ചുമതല ഏല്ക്കാന് കഴിഞ്ഞില്ല. ഇവരെ കൂട്ടത്തോടെ വിട്ടയച്ചത് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന 10 ന് വൈകിട്ട് അഞ്ചിന് വയര്‍ലൈസ് സന്ദേശം ലഭിച്ചതോടെയാണ്.
എന്നാല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിനാല്‍ ജില്ലാ പോലീസ് മേധാവികള്‍ ഇവരെ ചുമതല ഏല്ക്കാന് അനുവദിച്ചില്ല. ഇതോടെ ഇവര്‍ തിരികെ പോലീസ് ആസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. ഒരാഴ്ചയായി ജോലിയില്ലാതെ ക്യാംപില്‍ അറ്റാച്ച് ചെയ്തിരിക്കുകയായിരുന്ന ഇവര്‍ക്ക് ഇന്നലെ തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി കിട്ടിയതോടെയാണ് തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞത്.