തിരുവനന്തപുരം: തലസ്ഥാനത്ത് ഗുണ്ടാവിളയാട്ടം അവസാനിക്കുന്നില്ല. കഴക്കൂട്ടം സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച് വഴിയില്‍ ഉപേക്ഷിച്ചു. ഇന്നലെ രാത്രി ഏഴുമണിയോടെയാണ് സംഭവം. കഴക്കൂട്ടത്ത് താമസിക്കുന്ന ഉണ്ണിക്കുട്ടനെയാണ് ഗുണ്ടകള്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചത്. ഗുണ്ടകള്‍ തമ്മിലുള്ള കുടിപ്പകയാണ് അക്രമത്തിന് പിന്നിലെന്നാണ് പ്രഥമിക വിവരം.
സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വധശ്രമമുള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ രതീഷ് എന്ന പഞ്ചായത്ത് ഉണ്ണിയാണ് ഇയാളെ തട്ടിക്കൊണ്ടുപോയതെന്ന് പോലീസ് സംശയിക്കുന്നു.
മേനംകുളത്ത് വെച്ച് ഉണ്ണിക്കുട്ടനെ ക്രൂരമായി മര്‍ദ്ദിക്കുകയും ഭീക്ഷണപ്പെടുത്തുകയുമായിരുന്നു. ശേഷം ബെക്കില് കയറ്റിക്കൊണ്ടുപോകുകയുമായിരുന്നെന്ന് സംഭവം കണ്ട നാട്ടുകാര്‍ പറയുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ പോലീസിനെ വിവരമറിയിച്ചു. കഠിനംകുളം പോലീസ് സ്ഥലത്തെത്തി തെരച്ചില്‍ നടത്തി.
തുടര്‍ന്നാണ് ഉണ്ണിക്കുട്ടനെ മര്‍ദ്ദിച്ച് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കണിയാപുരം മസ്താന്മുക്കിനടുത്തു വെച്ചാണ് ഉണ്ണിക്കുട്ടനെ കണ്ടെത്തിയത്. ശരീരം തളര്‍ന്ന് അവശനായ ഉണ്ണിക്കുട്ടനെ പോലീസ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിറ്റി പോലീസ് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ കഴക്കൂട്ടം സ്റ്റേഷനിലെത്തി സ്ഥിതിഗതികള്‍ വിലിയിരുത്തി. അക്രമികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.