തേഞ്ഞിപ്പലം: സുരക്ഷാജീവനക്കാരന് രണ്ടുമാസം പ്രായമുള്ള തെരുവുപട്ടിയെ കാലില്‍ തൂക്കിയെടുത്ത് ചുമരിലടിച്ചു. പ്രാണവേദനകൊണ്ട് പിടിഞ്ഞ പട്ടിക്കുഞ്ഞ് ചികിത്സയിലാണ്. കാലിക്കറ്റ് സര്‍വ്വകലാശാല ക്യാംപസില്‍ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം.
പ്രൊ വൈസ് ചാന്‍സലറുടെ വസതിക്ക് സമീപം തളര്‍ന്നുകിടക്കുകയായിരുന്നു പട്ടി. ഇവിടെ ജോലിയിലുണ്ടായിരുന്ന സുരക്ഷാജീവനക്കാരന് പട്ടിയെ കാലില്‍ തൂക്കിയെടുത്ത് ശക്തമായി ചുമരിലടിക്കുകയായിരുന്നു. ഞരമ്പുകള്‍ക്ക് കാര്യമായി ക്ഷതമേറ്റ പട്ടിക്കുഞ്ഞ് തളര്‍ന്ന അവസ്ഥയിലായി.
നിലത്ത് വീണ പട്ടിയെ സര്‍വകലാശാലയിലെ ഡ്രൈവര്‍മാരും സെക്യൂരിറ്റി ഓഫീസറായ ക്യാപ്റ്റന്‍ കെ മണിയും ചേര്‍ന്ന് വൈകീട്ട് കോഴിക്കോട്ടെ മൃഗാശുപത്രിയില്‍ കൊണ്ടുപോയി. പ്രാഥമിക ചികിത്സ നല്‍കിയശേഷം തെരുവുനായ്ക്കളെയും മൃഗങ്ങളെയുമെല്ലാം സംരക്ഷിക്കുന്ന ഹ്യൂമന്‍ സൊസൈറ്റി ഇന്റര്‍നാഷണല്‍ (എച്ച്എസ്ഐ) എന്ന സന്നദ്ധസംഘടനയുടെ ക്യാംപിലേക്ക് പട്ടിയെ എത്തിച്ചു.
ഞരമ്പുകള്‍ക്ക് കാര്യമായ ക്ഷതമേറ്റതിനാല് പട്ടിക്കുഞ്ഞിന് നടക്കാനോ ആഹാരം കഴിക്കാനോ കഴിയുന്നില്ല. ശരീരം മരവിച്ച് തല ഒരുഭാഗത്തേക്ക് ചരിഞ്ഞ അവസ്ഥയിലാണ്. സംഭവത്തെ തുടര്‍ന്ന് ജില്ലാ പോലീസ് സൂപ്രണ്ടിനെ ഇവര്‍ പരാതി അറിയിച്ചിട്ടുണ്ട്. സര്‍വകലാശാലാ രജിസ്ട്രാര്‍ക്കും പരാതി നല്കി. പട്ടിക്കുഞ്ഞിന് മനുഷ്വത്വ രഹിതമായി ക്രൂരമായി മര്‍ദ്ദിച്ച സുരക്ഷാജീവനെതിരെ കര്‍ശന നടപടിയെടുക്കുമെന്നാണ് സൂചന.