കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ മത്സരിക്കുന്നില്ലെന്ന് ആര്‍എംപി. വടകരയിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി പി ജയരാജനെ തോല്പ്പിക്കാനായി വടകരയില്‍ യുഡിഎഫിന് പിന്തുണ നല്കാന് ആര്‍എംപി സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം തീരുമാനിച്ചു.
ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ ഉള്‍പ്പെടെ പല കൊലക്കേസുകളിലും പങ്കുള്ള ആളാണ് വടകരയിലെ സിപിഎം സ്ഥാനാര്‍ത്ഥി പി ജയരാജനെന്ന് കെകെ രമ ആരോപിച്ചു. ജയരാജനെതിരെ വോട്ട് ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അതുതന്നെയാണ് ജനാധിപത്യ വിശ്വാസികളായ എല്ലാ വോട്ടര്‍മാരും ചെയ്യേണ്ട കാര്യവും. അതിനാലാണ് യുഡിഎഫിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചതെന്നും കെകെ രമ പറഞ്ഞു. സംസ്ഥാനത്തെമ്പാടും അക്രമരാഷ്ട്രീയത്തിനെതിരായ പ്രവര്‍ത്തനത്തില്‍ പങ്കുചേരുമെന്നും രമ കൂട്ടിച്ചേര്‍ത്തു.
വടകര സീറ്റില്‍ ആര്‍എംപി നേതാവ് കെകെ രമ പൊതുസ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ നേരത്തെ നീക്കങ്ങളുണ്ടായിരുന്നു. കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിക്കാനുള്ള ചര്‍ച്ചകള്‍ നടന്നെങ്കിലും വടകരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി തന്നെ മത്സരിക്കണമെന്ന് ഹൈക്കമാന്‍ഡ് നിലപാടെടുക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നു ചേര്‍ന്ന ആര്‍എംപി സംസ്ഥാന സമിതിയോഗം വടകരയില്‍ മത്സരിക്കേണ്ടെന്ന നിലപാട് സ്വീകരിച്ചത്.