തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് വരും ദിവസങ്ങളിലും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ തുടങ്ങിയ ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയേക്കാള്‍ 2 മുതല്‍ 3 ഡിഗ്രി വരെ വര്‍ധിക്കാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി.
ഈ മാസം 20ന് തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും സാമാന്യം നല്ല ചൂടുണ്ടാകും. 21നു കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ താപനില വീണ്ടും ഉയര്‍ന്നേക്കുമെന്നും 22നു ചൂട് അല്പം കുറഞ്ഞേക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ചൂട് ക്രമാതീതമായി ഉയര്‍ന്നതിനാല്‍ ദുരന്തനിവാരണ അതോറിറ്റി സംസ്ഥാനത്ത് സൂര്യാഘാത, സൂര്യാതപ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം കനത്ത ചൂട് അനുഭവപ്പെടുമ്പോഴും കേരള, ലക്ഷദ്വീപ്, തെക്കന്‍ തമിഴ്നാട്, കര്‍ണാടക തീരപ്രദേങ്ങളില്‍ ഇന്ന് രാവിലെ 11 മണി മുതല്‍ നാളെ രാത്രി 11.30 വരെ ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുള്ളതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്കി.
കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ടെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. പലയിടത്തും ചൂടുകൂടി ചെടികളും മരങ്ങളും കരിഞ്ഞ് ഉണങ്ങി പച്ചപ്പ് നിലച്ച അവസ്ഥയാണ്. ജലശ്രോതസ്സുകള്‍ മിക്കതും വറ്റിവരണ്ടു. പാലക്കാട് ജില്ലയില്‍ ഇന്നലെ 40 ഡിഗ്രി ചൂടാണ് അനുഭവപ്പെട്ടത്. കൊല്ലം ജില്ലയിലെ പുനലൂരില്‍ 37 ഡിഗ്രി ചൂട് അനുഭവപ്പെട്ടു. മറ്റ് മിക്ക ജില്ലകളിലും 36 ഡിഗ്രിയായിരുന്നു താപനില. തിരുവനന്തപുരത്ത് 35 ഡിഗ്രി ചൂടാണ് അനുഭവപ്പെട്ടത്.