കൊച്ചി: ആരോഗ്യഗുണങ്ങളും രുചിയും തിരിച്ചറിഞ്ഞതോടെ ദിനംപ്രതി ചക്കയ്ക്ക് വിപണിയില്‍ ആവശ്യക്കാര്‍ ഏറുകയാണ്. എന്നാല്‍ കാലാവസ്ഥാ ചതിച്ചതോടെ വിളവ് കുറഞ്ഞതിനാല്‍ വിപണിയില്‍ ചക്കയ്ക്ക് റെക്കോഡ് വിലയാണ് വ്യാപാരികള്‍ ഈടാക്കുന്നത്. ഡിസംബര്‍ മുതല്‍ മെയ് വരെയാണ് ചക്ക സീസണ്. ഈ സീസണില്‍ ഒന്നും രണ്ടും വിളവാണ് സാധാരണ ലഭിക്കാറുള്ളത്. എന്നാല്‍ ഇക്കുറി വിളവ് തീരെ കുറഞ്ഞ സ്ഥിതിയിലാണ്.
കമ്പോളത്തില്‍ പഴംച്ചക്കയ്ക്ക് കിലോ 14 മുതല്‍ 18 രൂപ വരെയാണ് വില. വരിക്കയ്ക്ക് 20 മുതല്‍ 25 രൂപ വരെയുണ്ട്. കര്ഷകന് ശരാശരി ഒരു പഴംച്ചക്കയ്ക്ക് 25 മുതല്‍ 50 രൂപ വരെ ലഭിക്കുന്നുണ്ട്. വരിക്കയ്ക്ക് 50 മുതല്‍ 100 രൂപ വരെയും ലഭിക്കും. ചക്ക വിഭവങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും സംസ്ഥാന ഫലമെന്ന പദവി ലഭിച്ചതിനെ തുടര്‍ന്നുണ്ടായ ഡിമാന്‍ഡും ചക്കകര്ഷകര്ക്ക് ആശ്വാസമേകി.
ആരോഗ്യഗുണങ്ങള്‍ തിരിച്ചറിഞ്ഞ് പ്രമേഹരോഗികള്‍ ഉള്‍പ്പെടെ ചക്കയും ഇടിച്ചക്കയും വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയതും വില വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. എന്നാല്‍ ഇത്തവണ വിളവ് കുറഞ്ഞത് കര്‍ഷകര്‍ക്ക് തിരിച്ചടിയാവുന്നു. കാലാവസ്ഥാ വ്യതിയാനമാണ് ഇതിന് കാരണമായതെന്ന് കൃഷി ഉദ്യോഗസ്ഥര്‍ പറയുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ദിനംപ്രതി 25 ടണ്ണിന്റെ ഓര്‍ഡര്‍ ലഭിക്കുന്നുണ്ടെങ്കിലും കൊടുക്കാന്‍ ഇല്ലാത്ത അവസ്ഥയാണ്.