കൊച്ചി: വിവരാവകാശ രേഖകള്‍ക്ക് ഇനിമുതല്‍ പേജ് ഒന്നിന് രണ്ടുരൂപ നിരക്കില്‍ മാത്രമേ ഈടാക്കാന്‍ പാടുള്ളൂവെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷന്. തോപ്പുംപടി രാമേശ്വരം വില്ലേജിലെ ഏതാനും സര്‍വേ നമ്പറുകളിലെ സ്കെച്ച് ആവശ്യപ്പെട്ട് കരുവേലിപ്പടി സ്വദേശി പിഎക്സ് ജേക്കബ് സമര്‍പ്പിച്ച പരാതിയാണ് സുപ്രധാനമായ ഉത്തരവിന് കാരണമായത.
സ്കെച്ച്, പ്ലാന്‍ എന്നിവ നല്കുമ്പോള് റവന്യൂ വകുപ്പ് 500 രൂപയും ജിഎസ്ടിയും ഈടാക്കുന്നത് ചോദ്യംചെയ്തായിരുന്നു ജേക്കബ്ബ് അപ്പീല്‍ സമര്‍പ്പിച്ചത്. ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട ആളായതിനാല്‍ സൗജന്യമായി വിവരങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും അത് നിരാകരിച്ചെന്നും കോര്പറേഷന് സെക്രട്ടറിയുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാകാത്തതിനാല്‍ സ്കെച്ച് ഒന്നിന് 571 രൂപ വീതം 3426 രൂപ അടയ്ക്കാന്‍ നിര്‍ദേശിച്ചെന്നുമാണ് ഇയാളുടെ പരാതി.
ഇതിലാണ് മുഖ്യ വിവരാവകാശ കമ്മീഷണര്‍ വിന്‍സെന്‍ എം പോള്‍ അധ്യക്ഷനായ ഫുള്‍ബെഞ്ചിന്റെ ഉത്തരവ്. 90 ദിവസത്തിനകം വ്യക്തമായ ഉത്തരവ് ഇക്കാര്യത്തില്‍ പുറപ്പെടുവിക്കാന്‍ പൊതുഭരണ വകുപ്പിന് കമ്മീഷന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സുപ്രീംകോടതി വിധിപ്രകാരം ആര്‍ടിഐ അപേക്ഷയില്‍ അഞ്ച് രൂപയില്‍ കൂടുതല്‍ രേഖകളുടെ ചെലവിനത്തില്‍ ഈടാക്കരുതെന്ന നിര്‍ദേശവും കമ്മീഷന് ഉത്തരവില്‍ ഉണ്ട്.