ന്യൂഡല്‍ഹി; എറണാകുളത്ത് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധവുമായി കെവി തോമസ്. മാതൃകാ സേവനം കാഴ്ച വച്ച തനിക്ക് സീറ്റ് നിഷേധിച്ചതില്‍ ദുഃഖമുണ്ടെന്ന് കെവി തോമസ് വ്യക്തമാക്കി. എന്ത് തെറ്റാണ് ഞാന്‍ ചെയ്തതെന്ന് അറിയില്ല. പ്രായം കൂടിയത് തെറ്റല്ലെന്നും കെവി തോമസ് പറഞ്ഞു.
സീറ്റ് നിഷേധിച്ചതിന് പിന്നാലെ പരസ്യമായിട്ടാണ് കെവി തോമസ് ദുഃഖം അറിയിച്ച് രംഗത്ത് വന്നത്. സീറ്റ് തരില്ലെന്ന് ഒരു ചെറിയ സൂചന എങ്കിലും തരാമായിരുന്നുവെന്ന് കെവി തോമസ് പ്രതികരിച്ചു. ഏഴ് പ്രാവശ്യം ജയിച്ചത് എന്റെ തെറ്റല്ല. ഏല്‍പ്പിച്ച ജോലികള്‍ എല്ലാം കൃത്യമായി ചെയ്ത വ്യക്തിയാണ് താന്‍. താന്‍ ഒരു ഗ്രൂപ്പിന്റേയും ആളല്ല. മുന്നോട്ട് രാഷ്ട്രീയ പ്രവര്‍ത്തനം തുടരും. ജനങ്ങള്‍ക്കൊപ്പം ഇനിയും തുടരുമെന്നും കെവി തോമസ് പറഞ്ഞു. സീറ്റില്ലെന്നുള്ള ചെറിയ സൂചന പോലും തരാതിരുന്നത് മോശമായി പോയി എന്നും കെവി തോമസ് കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടി തീരുമാനത്തില്‍ ഞെട്ടലുണ്ട്. ചതിയെന്ന് പറയില്ലെങ്കിലും തന്നോട് നീതി കാണിച്ചില്ലെന്ന് കെവി തോമസ് പറഞ്ഞു.പുതിയ തീരുമാനം കോണ്‍ഗ്രസിന് മണ്ഡലത്തില്‍ തിരിച്ചടിയാവുമോയെന്നത് ജനങ്ങളുടെ തീരുമാനമാണ്. അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനാണ് താന്‍, പരാതിയില്ലെങ്കിലും അതീവ ദുഖം ഈ തീരുമാനത്തില്‍ ഉണ്ടെന്നും കെവി തോമസ് വ്യക്തമാക്കി.
ഇന്നാണ് കേരളത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചത്. എറണാകുളത്തെ സിറ്റിംഗ് എംപി പ്രൊഫ. കെ വി തോമസിന് പകരം ഹൈബി ഈഡന് എംഎല്‍എയെയാണ് എറണാകുളത്ത് നിന്ന് പരിഗണിച്ചിരിക്കുന്നത്. ഇതില്‍ പ്രതിഷേധം അറിയിച്ചാണ് കെവി തോമസ് രംഗത്ത് വന്നിരിക്കുന്നത്.