തിരുവനന്തപുരം: കോണ്‍ഗ്രസുമായി ചേരുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഏറ്റവും വലിയ പരാജയമാണെന്ന് ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി. കേരളത്തിന് പുറത്തുള്ള കോണ്‍ഗ്രസ് സിപിഎം സഖ്യത്തിനെതിരെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. ഏഷ്യാനെറ്റ് ന്യൂസ് ചാനലിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘വോട്ടില്ല വോട്ടില്ല കള്ളക്കാളയ്ക്ക് വോട്ടില്ലെന്ന് പറഞ്ഞ് നടന്ന ഒരു കുട്ടിക്കാലമുണ്ട്. അന്നത്തെ കോണ്‍ഗ്രസിന്റെ ചിഹ്നം കാളയാണ്. അങ്ങനെ പറഞ്ഞ് ശീലിച്ചവര്‍ക്ക് കേരളത്തിന് പുറത്താണെങ്കില്‍ പോലും കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും കൈ കോര്‍ക്കുന്നത് പൊരുത്തപ്പെടാനാവാത്ത കാര്യമാണെന്ന്’ ശ്രീകുമാരന്‍ തമ്പി പറഞ്ഞു.
കള്ളക്കാളയെന്ന് കണ്ട് അത്രമാത്രം മാറ്റി നിര്‍ത്തേണ്ട കക്ഷിയാണ് കോണ്‍ഗ്രസ് എന്ന് വിശ്വസിച്ചിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസുമായി എവിടെ യോജിച്ചാലും അത് അങ്ങേയറ്റം അധാര്‍മികമാണെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ആര്‍ക്കും ഏതെങ്കിലും ഒരു രാഷ്ട്രീയ കക്ഷിയില്‍ വിശ്വസിക്കാതിരിക്കാനാവില്ലെന്നും പാര്‍ട്ടി മെമ്പര്‍ അല്ലെങ്കിലും തങ്ങള്‍ കുടുംബപരമായി ഇടതുപക്ഷക്കാരാണെന്നും ശ്രീകുമാരന്‍ തമ്പി കൂട്ടിച്ചേര്‍ത്തു.