ന്യൂഡല്‍ഹി: ബിജെപി വിജയം പ്രതീക്ഷിക്കുന്ന എ ക്ലാസ് മണ്ഡലമായ പത്തനംതിട്ടയില്‍ മത്സരിക്കാന്‍ നേതാക്കളുടെ അടിപിടി. കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന് പിള്ളയും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനും മത്സരിക്കാന്‍ താത്പര്യം അറിയിച്ചിരിക്കുകയാണ്.
ശബരിമല വിഷയം പത്തനംതിട്ടയില്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് ബിജെപി വിലയിരുത്തല്‍. അത്കൊണ്ട് തന്നെയാണ് അത്തരം മണ്ഡലങ്ങളില്‍ മത്സരിക്കാനുള്ള താത്പര്യം എല്ലാ നേതാക്കളും അറിയിച്ചിരിക്കുന്നത്.
കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം മത്സരിക്കണമെന്നാണ് ബിജെപി കേന്ദ്രനേതൃത്വത്തിന്റെ ആഗ്രഹം. എന്നാല്‍ പത്തനംതിട്ട മണ്ഡലം കിട്ടിയാല്‍ മത്സരിക്കാമെന്നും ഇല്ലെങ്കില്‍ താല്പര്യമില്ലെന്നും കണ്ണന്താനം വ്യക്തമാക്കി. പത്തനംതിട്ട മണ്ഡലത്തില്‍ നിന്ന് മത്സരിക്കാന്‍ നേരത്തെ മുതല്‍ കണ്ണന്താനം താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
അതേസമയം പത്തനംതിട്ടയില്‍ മത്സരിക്കണമെന്ന് ശ്രീധരന് പിള്ളയും താല്പര്യം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. പത്തനംതിട്ട അല്ലെങ്കില്‍ തൃശ്ശൂരോ ലഭിക്കാതെ മത്സരത്തിനില്ല എന്ന് കെ സുരേന്ദ്രന് പറഞ്ഞതായും അറിയുന്നു.
കൂടാതെ പാലക്കാട് സീറ്റില്‍ ശോഭാ സുരേന്ദ്രനു പകരം കെ കൃഷ്ണകുമാറിന്റെ പേര് നിര്ദേശിച്ചുത് ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. ശോഭാ സുരേന്ദ്രനെയായിരുന്നു ഇവിടെ നേരത്തെ നിര്‍ദേശിച്ചിരുന്നത്.
പത്തനംതിട്ട, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, ചാലക്കുടി സീറ്റുകളെ ചൊല്ലി ബിജെപിയില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നതിനാല്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപനം നീണ്ടു പോവുകയാണ്.