ആലുവ: മദ്യപിച്ച് ബഹളമുണ്ടാക്കിയത് ചോദ്യംചെയ്ത ഡോക്ടറെ അയല്‍വാസിയും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദ്ദിച്ചു. എറണാകുളം അമൃത ആശുപത്രിയിലെ റേഡിയോളജി വിഭാഗം അസ്സിസ്റ്റന്റ് പ്രൊഫസര്‍ രാജേശേഖറിനാണ് മര്‍ദ്ദനമേറ്റത്. ആലുവ ഏലൂക്കരയിലെ ആമ്പിള്‍ വില്ലയില്‍ ഇന്നു രാവിലെയാണ് സംഭവം.
ഡോക്ടറും കുടുംബം താമസിക്കുന്ന വീടിന് തൊട്ട് മുന്നിലുള്ള വീട്ടിലെ താമസക്കാരനായ വിജു എന്നയാളാണ് മര്‍ദ്ദിച്ചത്. കഴിഞ്ഞ ദിവസം രാത്രിയില്‍ വീട്ടിലെത്തിയ വിജു സുഹൃത്തുക്കളുമായി ചേര്‍ന്ന് ബഹളവുമുണ്ടാക്കിയിരുന്നു. ഇത് രാവിലെ വിജുവിനെ വിളിച്ച് പരാതിപ്പെട്ടതോടെയാണ് വിജുവും സുഹൃത്തുക്കളും ഡോക്ടറോട് തട്ടിക്കയറിയതും മര്‍ദിച്ചതും.
ചെവിയ്ക്കടക്കം പരുക്കേറ്റ ഡോക്ടറെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ ബിനാനിപുരം പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. വിജുവിനെതിരെ വധശ്രമത്തിനാണ് കേസ് എടുത്തിട്ടുള്ളത്. ഇപ്പോള്‍ ഇയാള്‍ ഒളിവിലാണ്.