തിരുവനന്തപുരം: ലോകത്തെ ഞെട്ടിച്ച ന്യൂസിലാന്റിലെ രണ്ടു മുസ്ലീം പള്ളികളില്‍ നടന്ന ഭീകരാക്രമണം അത്യന്തം ഹൃദയഭേദകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച ഈ സംഭവത്തില്‍ ഹൃദയം തകര്‍ന്നവര്‍ക്കൊപ്പം വേദന പങ്കിടുന്നുവെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ മുഖ്യമന്ത്രി വ്യക്തമാക്കി.
തീവ്ര ദേശീയതയും വംശീയ വിദ്വേഷവും മനുഷ്യരെ മുഴുഭ്രാന്തരാക്കുന്നതിന്റെ ദൃഷ്ടാന്തമാണിത്.
വംശീയ വിദ്വേഷത്തിനും വെറുപ്പിന്റെ രാഷ്ട്രീയത്തിനും എതിരെ ലോക മനഃസാക്ഷി ഉണരേണ്ട സന്ദര്‍ഭമാണിതെന്നും തീവ്രദേശീയതയും കുടിയേറ്റ വിരുദ്ധ മനോഭാവവും ഏതു നാട്ടിലാണെങ്കിലും പിഴുതെറിയേണ്ടത് ലോകസമാധാനത്തിന് ആവശ്യമാണെന്നും മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
ന്യൂസിലാന്റിലെ ക്രൈസ്റ്റ് ചര്‍ച്ച് നഗരത്തിലെ രണ്ട് മുസ്ലിം പള്ളികളില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കിടെയാണ് ഭീകരാക്രമണമുണ്ടായത്. സംഭവത്തില്‍ 49 പേര് കൊല്ലപ്പെട്ടു. അന്‍പതോളം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. നരഹത്യയുടെ ദൃശ്യങ്ങള്‍ തത്സമയം ഫേസ് ബുക്കില്‍ പ്രദര്‍ശിപ്പിച്ചത് ലോകത്തെയാകമാനം ഞെട്ടിച്ചിരുന്നു.