തിരുവനന്തപുരം:അക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ തലസ്ഥാനത്തെ അധോലോകത്തെ തകര്‍ക്കാന്‍ ഒരുങ്ങി പോലീസ്. ഗുണ്ടാ- ലഹരി സംഘങ്ങളെ പിടികൂടാന്‍ ഓപ്പറേഷന് ബോള്‍ട്ടിനു തുടക്കമായി. സിറ്റി പോലീസ് കമ്മീഷണര്‍ സഞ്ജയ് കുമാര്‍ ഗുരുദിന്റെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരത്തെ വിവിധ സ്ഥലങ്ങളില്‍ ഇന്നലെ രാത്രി പരിശോധന നടത്തി.
ഗുണ്ടാ-ലഹരി സംഘങ്ങളുടെ രഹസ്യ കേന്ദ്രങ്ങള്‍, ലഹരിമരുന്ന് മാഫിയാ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന. ക്രിമിനല്‍ പശ്ചാത്തലമുള്ള ഇരുനൂറിലധികം ആളുകളുടെ വീട്ടില്‍ റെയ്ഡ് നടത്തി. നാല്‍പ്പതോളം പേരെ പോലീസ് ചോദ്യം ചെയ്തു.
നേരത്തെ തയ്യാറാക്കിയ ക്രിമിനല്‍ പട്ടികയിലുള്ളവര്‍ അതാത് സ്റ്റേഷനുകളില്‍ ഹാജരാകണമെന്നും തുടര്‍ച്ചയായി ക്രിമിനല്‍ കേസുകളില്‍ ഉള്പ്പെടുന്നര്ക്കെതിരെ കാപ്പ ചുമത്താനും ഡിജിപി നിര്‍ദേശം നല്കി. കൊടും കുറ്റവാളികളെ ജില്ല കടത്താനും പോലീസ് തിരുമാനിച്ചിട്ടുണ്ട്. കൂടാതെ മറ്റ് സ്ഥലങ്ങളില്‍ നിന്നെത്തുന്ന വാഹനങ്ങള്‍ പരിശോധിക്കുന്നതും കര്‍ശനമാക്കിയിട്ടുണ്ട്.